കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം; 80-ഓളം പുരോഹിതർക്ക് കോവിഡ്, രണ്ട് വൈദികർ മരിച്ചു

മൂന്നാറിലെ ധ്യാനകേന്ദ്രത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് നടന്ന സി.എസ്‌.ഐ സഭാവൈദികരുടെ ധ്യാനത്തിൽ പങ്കെടുത്ത 80 ഓളം പുരോഹിതന്മാർക്ക് കോവിഡ് ബാധിച്ചു. രോഗബാധയെ തുടർന്ന് രണ്ട് വൈദികർ മരിച്ചു. വൈദികൻ റവ ബിജുമോൻ, റവ ഷൈൻ ബി രാജ് എന്നിവരാണ് മരിച്ചത്. സി.എസ്‌.ഐ ബിഷപ്പ് ധർമ്മരാജ് റസാലം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17 വരെയായിരുന്നു മൂന്നാർ സി.എസ്.ഐ പള്ളിയിൽ വൈദികരുടെ ധ്യാനം. ബിഷപ്പ് ധർമരാജ് റസാലം നേതൃത്വം നൽകിയ ധ്യാനത്തിൽ വിവിധ പളളികളിൽ നിന്നായി 480 പുരോഹിതരാണ് പങ്കെടുത്തത്. ധ്യാനത്തിന് ശേഷം വൈദികര്‍ പള്ളികളിലുമെത്തി. മാനദണ്ഡങ്ങള്‍ ലംഘിച്ച്  ധ്യാനം നടത്തിയതിനെതിരെ  വിശ്വാസികൾ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. രോഗബാധിതരായ പുരോഹിതരിൽ പലരും കാരക്കോണത്തെ സി.എസ്.ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് ചിലർ വീടുകളിലും ചികിത്സയിൽ തുടരുന്നുണ്ട്.

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി മദ്ധ്യകേരള ധ്യാനം മാറ്റിവെച്ചിരുന്നു. പക്ഷെ ദക്ഷിണ കേരള ധ്യാനം അധികൃതർ രഹസ്യമായി നടത്തുകയായിരുന്നു. സർക്കാർ നിയന്ത്രണങ്ങൾ അനുസരിച്ച് ധ്യാനത്തിൽ 50 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. ഈ സാഹചര്യത്തിലാണ് മദ്ധ്യകേരള ധ്യാനം മാറ്റിവെച്ചത്. എന്നാൽ ധ്യാനം ചേരാൻ തങ്ങൾക്ക് അനുമതിയുണ്ടായിരുന്നു എന്നാണ് സി.എസ്.ഐ ദക്ഷിണ കേരള വൈദിക നേതൃത്വത്തിന്റെ വിശദീകരണം.

ധ്യാനത്തിന് അനുമതി തേടിയിരുന്നില്ലെന്നും ഏപ്രിൽ 12 മുതൽ ജില്ലയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെന്നും ഇടുക്കി ജില്ല ഭരണകൂടം വ്യക്തമാക്കി. പരമാവധി പരിപാടികൾ ഓൺലൈനായി നടത്തണമെന്ന ഉത്തരവ് നിലനിൽക്കുന്നതിനിടെയായിരുന്നു ധ്യാനം.

തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലാണ് വൈദികരെ മൂന്നാറിൽ എത്തിച്ചത്. ധ്യാനത്തിനിടെ വൈദികർക്ക് ശരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടെങ്കിലും കാലവസ്ഥ വ്യതിയാനം നിമിത്തമെന്ന് കരുതി. നാട്ടിലെത്തിയിട്ടും അസ്വസ്ഥതകൾ വിട്ടുമാറാതിരുന്നപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണ് രണ്ട് പുരോഹിതർ മരിച്ചത്.