കെ. സുധാകരനെതിരെ അഴിമതി ആരോപിച്ച് മുന്‍ കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി.പി.എമ്മിലേക്ക്

കണ്ണൂരില്‍ മുന്‍ ഡി സി സി സെക്രട്ടറി  പ്രദീപ് വട്ടിപ്രം സിപിഎമ്മില്‍ ചേര്‍ന്നു. പ്രദീപ് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. കണ്ണൂരിലെ അഴീക്കോടന്‍ മന്ദിരത്തില്‍  നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിപിഎമ്മില്‍ ചേര്‍ന്നതായി പ്രദീപ് വട്ടിപ്രം പ്രഖ്യാപിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രദീപിനെ ഷാള്‍ അണിയിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

യൂത്ത് കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു പ്രദീപ്. സംസ്ഥാന ഭാരവാഹി, കെ എസ് യു ജില്ലാ ഭാരവാഹി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചായിരുന്നു പ്രദീപ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്. ഡിസിസി ഓഫീസ് നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ അഴിമതിയുള്ളതായും പ്രദീപ് വട്ടിപ്രം ആരോപിച്ചിരുന്നു. കെ.സുധാകരന്‍ അഴിമതിക്ക് കൂട്ടു നിന്നെന്ന് അദ്ദേഹം പറഞ്ഞു.

Read more

അന്ന ഉന്നയിച്ച അതേ ആരോപണങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്ന ദിവസവും പ്രദീപ് വട്ടിപ്രം ആവര്‍ത്തിച്ചു. ഡിസിസി ഓഫീസിന്റെ നിര്‍മ്മാണ കണക്കുകള്‍ സുതാര്യമാക്കണമെന്ന് പാര്‍ട്ടിയില്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായി പ്രദീപ് വട്ടിപ്രം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓഫീസ് നിര്‍മ്മാണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ വന്നപ്പോഴായിരുന്നു ഇങ്ങിനെ ആവശ്യപ്പെട്ടത്. കൂത്തുപറമ്പ് തൊട്ടിലങ്ങാടി സ്‌കൂളിലെ ഭരണസമിതി കോണ്‍ഗ്രസും ബിജെപിയും പങ്കിട്ടെടുത്തു എന്നും വന്‍ അഴിമതി അതില്‍ നടന്നിട്ടുണ്ടെന്നും പ്രദീപ് ആരോപിച്ചു.