'ക്യാപ്റ്റന്‍ ആണെങ്കിൽ മുഖ്യമന്ത്രി സത്യം തുറന്നുപറയണം'; നിയമസഭ കവാടത്തിൽ പ്രതീകാത്മക സഭ, അടിയന്തര പ്രമേയ അവതരണവുമായി പ്രതിപക്ഷം

മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വർണക്കടത്ത് പ്രതികളുടെ മൊഴിയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതീകാത്മക സഭ നടത്തി. സഭാ കവാടത്തിന് മുമ്പിലെ റോഡിലാണ് ‘അടിയന്തര പ്രമേയം’ പി.ടി. തോമസ് പ്രതീകാത്മകമായി അവതരിപ്പിച്ചത്. പി.കെ. ബഷീർ പ്രതീകാത്മക മുഖ്യമന്ത്രിയും എൻ. ഷംസുദ്ദീൻ സ്പീക്കറും ആയിരുന്നു.

ക്യാപ്റ്റനാണെങ്കിൽ മുഖ്യമന്ത്രി സത്യം തുറന്നു പറയണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നൽകിയ മൊഴി നിയമസഭ ചർച്ച ചെയ്യണമെന്ന് പി.ടി. തോമസ് പ്രതീകാത്മമായി ആവശ്യപ്പെട്ടു.

ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ഡോളർ കടത്തിൽ പങ്കാളിയായെന്ന അതീവ ഗുരുതര സാഹചര്യമാണുള്ളത്. ഡോളർ കടത്ത് കേസിലെ പ്രതികൾ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ അസ്ഥിരപ്പെടുത്തുന്ന കേസാണിത്. അതിനാൽ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി.

കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അനുമതി നല്‍കില്ലെന്നായിരുന്നു സ്പീക്കര്‍ പ്രതിപക്ഷത്തെ അറിയിച്ചത്. കോടതിയുടെ പരിഗണനയിൽ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിർണായകമാണ്. ഇത് സഭയിൽ അല്ലെങ്കിൽ മറ്റെവിടെയാണ് ചർച്ച ചെയ്യുക. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് തെളിയിക്കാൻ ഉള്ള അവസരമാണിതെന്നും വി ഡി സതീശൻ പറഞ്ഞു.

കേസിൽ മുഖ്യമന്ത്രിക്ക്​ അനുകൂലമായി ശിവശങ്കർ മൊഴി നൽകിയിട്ടുണ്ടെന്നാണ്​ സി.പി.എം വാദം. ശിവശങ്കറും സ്വർണക്കടത്ത്​ കേസിൽ പ്രതിയാണ്​​. എന്നാൽ, സ്വർണക്കടത്ത്​ കേസിലെ പ്രതികളായ സ്വപ്​നയുടേയും സരിത്തി​ന്‍റേയും മൊഴി വിശ്വാസത്തിലെടുക്കാൻ സംസ്ഥാന സർക്കാർ തയാറാവുന്നില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ കക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, കെ.കെ രമ എന്നിവരും സംസാരിച്ചു.