പോക്‌സോ കേസ്; കെ വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍

മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കെ വി ശശികുമാര്‍ പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റില്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ട് പോക്‌സോ കേസുകളില്‍ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

അധ്യാപകനായിരുന്ന സമയത്ത് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശിനിയാണ് പരാതി നല്‍കിയത്. കേസില്‍ നാളെ ജാമ്യത്തിന് ശ്രമിക്കുമെന്ന് ശശികുമാറിന്റെ അഭിഭാഷകന്‍ അറിയിച്ചു. വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് മെയ് 13നായിരുന്നു ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

കേസില്‍ അധ്യാപകന് ജാമ്യം ലഭിച്ചപ്പോള്‍ അന്വേഷണത്തില്‍ ആശങ്കയുണ്ടെന്ന് വിദ്യാര്‍ത്ഥി കൂട്ടായ്മ അറിയിച്ചു. ശശികുമാറിനെതിരായ പരാതികള്‍ സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ പൊലീസിന് നല്‍കിയിരുന്നു. എന്നാല്‍ ഈ കാര്യങ്ങളൊന്നും അന്വേഷണ പരിധിയില്‍ വന്നിട്ടില്ലെന്നുമാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

നേരത്തെ മഞ്ചേരി പോക്‌സോ കോടതിയാണ് കെ വി ശശികുമാറിന് ജാമ്യം അനുവദിച്ചത്. അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന സമയത്ത് ശശികുമാര്‍ ഫെയ്സ്ബുക്കില്‍ അനുഭവക്കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് താഴെ കമന്റുകളിലൂടെയാണ് പെണ്‍കുട്ടികള്‍ മീ ടു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ശശികുമാറിനെതിരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Read more

പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയിരുന്ന ശശികുമാറിനെ വയനാട് ബത്തേരിക്ക് സമീപത്തെ ഹോം സ്റ്റേയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അമ്പതിലധികം പീഡനപരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. 30 വര്‍ഷത്തോളം ഇയാള്‍ വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയിരുന്നു.