മിന്നല്‍ പ്രളയത്തിന് സാദ്ധ്യത; 21 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

സംസ്ഥാനത്ത് കനത്തമഴയെ തുടര്‍ന്ന് മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 21 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമുകള്‍ പെട്ടെന്ന് നിറയുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.

തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാര്‍ ഡാമുകളുടെയും പത്തനംതിട്ടയില്‍ മണിയാര്‍, മൂഴിയാര്‍ ഡാമുകളുടെയും ഇടുക്കിയില്‍ പൊന്മുടി, കല്ലാര്‍ക്കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര ഡാമുകളുടെയും ഷട്ടറുകള്‍ നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്.

എറണാകുളത്ത് ഭൂതത്താന്‍കെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങല്‍ക്കുത്ത്, തൃശൂരില്‍ പൂമല, പാലക്കാട് മലമ്പുഴ, ശിരുവാണി, കാഞ്ഞിരംപുഴ, മങ്ങലം ഡാമുകളുടെ ഷട്ടറുകളും് ഉയര്‍ത്തി. വയനാട്ടില്‍ വയനാട് കാരാപ്പുഴ ഡാമിന്റെയും കോഴിക്കോട് കുറ്റ്യാടി ഡാമിന്റെയും കണ്ണൂരില്‍ പഴശ്ശി ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം നേരത്തെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും ഇപ്പോള്‍ താഴ്ത്തി. നാല് ഷട്ടറുകളാണ് താഴ്ത്തിയത്. പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.