ആന്തൂര്‍ വിഷയത്തില്‍ സിപിഎം നിലപാടുകള്‍ക്കൊപ്പമല്ലെന്ന് ആവര്‍ത്തിച്ച് പോരാളി ഷാജി; മുഖചിത്രം കറുപ്പാക്കി, സാജന്റെ അഭിമുഖ വീഡിയോയും പോസ്റ്റ് ചെയ്തു

സിപിഎം അനുകൂല ഫെയ്‌സ്ബുക്ക് പേജായ പോരാളി ഷാജി പാര്‍ട്ടിയുടെ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും അതിനെ ന്യായീകരിക്കുകയും നിലപാട് വ്യക്തമാക്കാന്‍ കൂടെ നില്‍ക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോരാളി ഷാജി സിപിഎമ്മിന്റെ നിലപാടുകള്‍ക്കൊപ്പമല്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ്. അഹങ്കാരികളെ ഈ പാര്‍ട്ടിക്ക് വേണ്ടെന്നും സിപിഎം ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ സിപിഎം നടപടിയെടുക്കണമെന്നും രണ്ട് ദിവസം മുമ്പ് ഫെയ്‌സ്ബുക്ക് പേജിലൂടെ അവര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫെയ്‌സ്ബുക്കിന്റെ മുഖചിത്രം കറുപ്പാക്കിയത് ശ്രദ്ധേ നേടുകയാണ്. ഇതിനൊപ്പം സാജന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖവും പേജില്‍ പങ്കുവച്ചിട്ടുണ്ട്.

‘ആദരാഞ്ജലികള്‍ സഹോദരാ. പോകാന്‍ തന്നെ തീരുമാനിച്ചിരുന്നുവെങ്കില്‍ സ്വാഭാവിക നീതി നിഷേധിച്ച ഒന്ന് രണ്ടെണ്ണത്തിനെ കൂടെ കൊണ്ടുപോകാമായിരുന്നു’ എന്ന തലക്കെട്ടോടെയാണ് സാജന്‍ ഒരു മാധ്യമവുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ സ്വപ്നമായ സംരംഭത്തെ കുറിച്ച് തുറന്നു പറയുന്ന സാജനെയാണ് വീഡിയോയില്‍ കാണുന്നത്. സംരഭകരോട് ഗവണ്‍മെന്റിനുള്ള സമീപത്തെ കുറിച്ചും അദ്ദേഹം വീഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്.

പോരാളി ഷാജിയുടെ നിലപാടിനെ പ്രശംസിച്ച് പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹമാണ്. പികെ ശ്യാമള സാജന്റെ മരണത്തിന് ഉത്തരവാദിയാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ഇപ്പോഴാണ് ഷാജി നീ കമ്മ്യൂണിസ്റ്റ് ആയത് പികെ ശ്യാമളയെയും എംവി ഗോവിന്ദനെയും പുറത്താക്കുവാനും കൂടി ഷാജി പ്രചാരണം ആരംഭിക്കേണമെന്നും ചിലര്‍ പറയുന്നു. ഇത്രയും വലിയ തെറ്റ് ചെയ്ത ഒരു നഗരസഭ ചെയര്‍പേഴ്‌സനെ പോലും ആ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ കഴിയുന്നില്ല എന്നത് തന്നെയാണ് ഈ പാര്‍ട്ടി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിദ്ധിയെന്നും അഭിപ്രായമുണ്ട്.

അതേസമയം, പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്നും പികെ ശ്യാമള രാജിവെയ്‌ക്കേണ്ട കാര്യമില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ വരുത്തുന്ന വീഴ്ചക്ക് നഗരസഭ അധ്യക്ഷക്കെതിരെ നടപടി വേണ്ടെന്ന സമീപനമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനുള്ളത്. ശ്യാമളക്കെതിരെ നടപടി എന്നത് പി.ജയരാജന്റെ ആവശ്യമായതിനാല്‍ അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിമുള്ളതെന്നാണ് സൂചന. ഇതോടെ ആന്തൂര്‍ വിഷയത്തില്‍ സി.പി.എമ്മിനുള്ളില അഭിപ്രായ ഭിന്നത കൂടുതല്‍ പ്രകടമാവുകയാണ്.