പോപ്പുലർ നിക്ഷേപ തട്ടിപ്പ്: കമ്പനി ഉടമയുടെ ആഡംബര വില്ല ജപ്തിചെയ്തു

പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്പനി ഡയറക്ടറും മുഖ്യ പ്രതി തോമസ് ഡാനിയേലിന്റെ ഭാര്യയും ആയ പ്രഭ തോമസിന്റെ പേരിൽ ഉള്ള രണ്ടര കോടി രൂപ വിലമതിപ്പുള്ള  കൊച്ചിയിലെ ആഡംബര വില്ല കൈമാറ്റം ചെയ്യുന്നത് തടഞ്ഞുകൊണ്ട് തൃശൂർ ജില്ലാ കൺസ്യൂമർ കമ്മീഷന്റെ ഉത്തരവ്. പോപ്പുലർ നിക്ഷേപ തട്ടിപ്പിന് ഇരയായ ഇരിങ്ങാലക്കുട സ്വദേശി എം.ഡി ലാസർ നൽകിയ ഹർജിയിലാണ് നടപടി.

സാൻ പോപ്പുലർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിഷേപം സ്വീകരിക്കാൻ അധികാരം ഉള്ള സ്ഥാപനം ആണ് എന്ന് തെറ്റിദ്ധരിപ്പിച്ചു നിക്ഷേപം സ്വീകരിച്ചതും,  കമ്പനിയുടെ എന്നപേരിൽ ഡെപ്പോസിറ്റ് രസീത് നൽകിയതും,  തുടർന്ന് വാഗ്ദാനം ചെയ്ത പലിശയോ മുതലോ തരാതെ കബളിപ്പിച്ചതും അന്യായമായ വ്യാപാര പ്രവൃത്തി (“unfair trade practice”) ആണ് എന്ന ഹർജിക്കാരന്റെ വാദം പരിഗണിച്ചാണ്  കമ്മീഷന്റെ ഉത്തരവ്.

കമ്പനിയുടെയും  ഉടമകളുടെയും വസ്തുവകകൾ ജപ്തിചെയ്‌തു പണം മടക്കി നൽകണം എന്നാണ് ഹൈക്കോടതി അഭിഭാഷകൻ  ജോബി സിറിയക്ക് മുഖേന സമർപ്പിച്ച ഹർജിയിലെ ആവശ്യം.  എതിർ ഹർജിക്കാർക്ക് നോട്ടീസ് അയച്ച കമ്മീഷൻ  കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.