പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ തുടങ്ങി; കടകള്‍ അടപ്പിച്ചാല്‍ കേസ്; കര്‍ശന നടപടിയുമായി പൊലീസ്

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി . ക്രമസമാധാനം ഉറപ്പുവരുത്താന്‍ കര്‍ശന നടപടിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം.

സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും കരുതല്‍ തടങ്കലിനും നിര്‍ദേശമുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍ക്ക് നല്‍കി. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്നാണ് അറിയിപ്പ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലെ എന്‍.ഐ.എ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

 

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കേരള, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് പി.എസ്.സി അറിയിച്ചു

കെ എസ് ആര്‍ ടി സി വെള്ളിയാഴ്ച പതിവുപോലെ സര്‍വ്വീസ് നടത്തും . ഇതിനായുള്ള നിര്‍ദേശം സി എം ഡി നല്‍കി.ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൊലീസ് സഹായം തേടാനും മുന്‍കൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ അതിനു രേഖാമൂലം അപേക്ഷ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.