പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചത് തന്റെ ഇടപെടലില്‍; രാത്രി പന്ത്രണ്ട് മണിക്ക് കേന്ദ്രമന്ത്രി ഒപ്പിട്ടു: സുരേഷ് ഗോപി

തൃശൂര്‍പൂരത്തോട് അനുബന്ധിച്ചു നടക്കുന്ന വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയില്‍ നിന്നും അനുമതി നേടിക്കൊടുത്തത് തന്റെ ഇടപെടലാണെന്ന് സുരേഷ് ഗോപി എം.പി. പൂരം നടത്തിപ്പ് സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതേ തുടര്‍ന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് താന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടിട്ടാണ് വിഷയത്തില്‍ ഇടപെട്ടത്. ഓസ്‌ട്രേലിയയിലായിരുന്ന മന്ത്രിയ്ക്ക് ഇ-മെയില്‍ മുഖാന്തരം കത്തയക്കുകയായിരുന്നു. രാത്രി എകദേശം പന്ത്രണ്ട് മണിയോടെ അദ്ദേഹം അനുവാദം നല്‍കികൊണ്ടുള്ള കത്തില്‍ ഒപ്പുവെക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര ഏജന്‍സിയായ പെസോയാണ് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. കുഴിമിന്നല്‍, അമിട്ട്, മാലപ്പടക്കം എന്നിവ ഉപയോഗിക്കാം. എന്നാല്‍ ഇതൊഴികെയുള്ള മറ്റു വസ്തുക്കളൊന്നും ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.

മെയ് പത്തിനാണ് തൃശൂര്‍പൂരം. 11ന് പുലര്‍ച്ചെയാണ് പ്രധാന വെടിക്കെട്ട്. ഇതിന് മുന്നോടിയായി മെയ് എട്ടിന് സാമ്പിള്‍ വെടിക്കെട്ട് നടക്കും. നേരത്തെ തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ചടങ്ങുകളോടെ പൂരം നടത്തുന്നത് അനുവദിച്ചിരുന്നു.

Read more

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ചടങ്ങുകള്‍ നടത്താന്‍ എന്നാണ് നിര്‍ദ്ദേശം.കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരെയും പൂരത്തിന് പങ്കെടുപ്പിച്ചിരുന്നില്ല. ഇത്തവണ ആളുകള്‍ക്കും പ്രവേശനമുണ്ടാകും.