പൂന്തുറയിൽ ആരോ​ഗ്യപ്രവർത്തകർക്ക് സ്നേഹ സ്വീകരണം, പുഷ്പ വൃഷ്ടി; വീഡിയോ

കോവിഡ് സൂപ്പർ സ്പ്രഡ് റിപ്പോർട്ട് ചെയ്ത പൂന്തുറയിൽ ആരോ​ഗ്യപ്രവർത്തകർക്ക് നാട്ടുകാർ സ്നേഹ സ്വീകരണം ഒരുക്കി. വെള്ളിയാഴ്ച ആരോ​ഗ്യപ്രവർത്തകർക്ക് നേരെ പ്രദേശത്തെ ചിലർ നടത്തിയ മോശം പെരുമാറ്റങ്ങൾക്ക് മാപ്പു പറഞ്ഞ് കൊണ്ടാണ് സ്വീകരണം നൽകിയത്.

പ്രദേശത്തെത്തിയ ആരോ​ഗ്യപ്രവർത്തകരെ പൂന്തുറ ഇടവകയുടെ നേതൃത്വത്തിൽ പുഷ്പ വൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം നടന്നത് ഒരു കാരണവശാലം അം​ഗീകരിക്കാൻ കഴിയില്ലെന്ന് ഇടവക വികാരി പറഞ്ഞു.

ഡോക്ടേഴ്‌സിനും ആരോഗ്യപ്രവർത്തകർക്കുമൊപ്പമാണ് ഇവടകയെന്നും അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രദേശവാസികൾ ആരോ​ഗ്യപ്രവർത്തകർക്ക് നൽകിയ സ്വീകരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധനേടികഴിഞ്ഞു.

കോവിഡ് പോസിറ്റീവായവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും അനാവശ്യ നിയന്ത്രണങ്ങൾ എർപ്പെടുത്തിയെന്നും ആരോപിച്ചാണ് ഒരു പറ്റം ആളുകൾ പൊലീസിനെയും ആരോ​ഗ്യപ്രവർത്തകരെയും തടഞ്ഞത്.

ആരോ​ഗ്യപ്രവർത്തകർ സഞ്ചരിച്ച കാറിന്റെ ഡോർ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലർ അകത്തേക്ക് ചുമക്കുന്ന സ്ഥിതിവരെ ഉണ്ടായി. ആരോ​ഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ നിരവധി പേർ ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടവകയുടെ നേതൃത്വത്തിൽ ആരോ​ഗ്യപ്രവർത്തകരോട് മാപ്പ് പറഞ്ഞ് സ്വീകരണം നടത്തിയത്.