‘തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല’, മുഖ്യമന്ത്രിക്ക് പരാതിയുമായി പൊമ്പിളൈ ഒരുമൈ സമരനായിക ഗോമതി

പൊമ്പിളൈ ഒരുമൈ സമരം നയിച്ചതിന്റെ പേരില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് സമരനായിക ഗോമതിയുടെ പരാതി. ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാന്‍ ഒരുങ്ങുകയാണ് ഗോമതി അഗസ്റ്റിന്‍. ജീവിതം ദുസ്സഹമാക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പെരുമാറുന്നത്, സമരം നടത്തിയതിന്റെ പേരില്‍ പകവീട്ടുകയാണ് ഇവര്‍ ഇപ്പോള്‍. ഇതില്‍ മടുത്താണ് ഇപ്പോള്‍ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ഗോമതി.

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പകവീട്ടല്‍ മൂലം കഴിഞ്ഞ കുറെ മാസങ്ങളായി തന്റെ മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. ജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികളാണ് ഇതുമൂലം അവതാളത്തിലാകുന്നത്. കൂടാതെ തോട്ടം തൊഴിലാളികള്‍ക്കിടെയില്‍ തന്നെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുപരത്താനും,അവരെ അകറ്റാനും ചിലര്‍ ശ്രമിക്കുന്നതായി ഗോമതി ആരോപിക്കുന്നു.

ജനങ്ങള്‍ തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ചിരിക്കുന്നത് അവര്‍ക്ക് സേവനം നല്‍കാനാണ്. തോട്ടം തൊഴിലാളികള്‍ക്ക് സേവനം ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തുക വഴി രാഷ്ട്രീയക്കാര്‍ ചെയ്യുന്നത് ദ്രോഹമാണെന്ന് അവര്‍ പറഞ്ഞു.

പൊമ്പിളൈ ഒരുമൈയുടെ പേരില്‍ സമരം ചെയ്ത സ്ത്രീകളെ അധിക്ഷേപിച്ചതിന്റെ പേരില്‍ എംഎം മണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ദിവസങ്ങളോളം സമരം നടത്തിയിരുന്നു.