ഷുക്കൂർ കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ തീവ്രവാദം; കൊലപ്പെടുത്താന്‍ കാരണം ഉണ്ടാക്കിയെന്ന് മുസ്ലിം ലീ​ഗ്

പി. ജയരാജനെതിരായ വധശ്രമക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടതോടെ ഷുക്കൂറിനെ വധിക്കാൻ വേണ്ടി മാത്രം സി.പി.ഐ.എം കെട്ടിച്ചമച്ചുണ്ടാക്കിയ കേസ് മാത്രമാണെന്ന് വ്യക്തമായെന്ന് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. ഷുക്കൂർ വധത്തിന് പിന്നിൽ രാഷ്ട്രീയ തീവ്രവാദമാണെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ പ്രതിയോ​ഗികളെ വകവരുത്താനായി സി.പി.ഐ.എം ഓരോ കാലത്തും ഓരോ കാരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നാദാപുരത്തും കണ്ണൂരും എല്ലാം ഇത് കണ്ടതാണ്. ഇത് തന്നെയാണ് ഷുക്കൂർ വധക്കേസിലും നടന്നത്. സി.പി.ഐ.എം നേതാക്കളെ ആക്രമിച്ചെന്ന കാരണം പറഞ്ഞ് യുവാവിനെ പിടിച്ച് കൊണ്ടുപോയി പരസ്യ വിചാരണ ചെയ്ത് അരുംകൊല ചെയ്യുകയായിരുന്നു. മാർക്‌സിസ്റ്റ് പാർട്ടിയുടേത് രാഷ്ട്രീയ തീവ്രവാദമാണെന്നും പി.എം.എ സലാം പറഞ്ഞു.

തങ്ങളുടെ ആശയവുമായി യോജിച്ചു പോകാത്ത ആളുകളെ കൊലയ്ക്ക് കൊടുക്കുന്നതിനെയാണ് തീവ്രവാദമെന്ന് പറയുന്നത്. അത് തന്നെയാണ് ഇടതുപക്ഷം കൈക്കൊള്ളുന്നത്. രാഷ്ട്രീയമായാലും മതമായലും തീവ്രവാദം നാടിന് ആപത്താണ്. ഇത്തരം ചിന്തകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും അവർ പിന്നോട്ട് പോകണമെന്നും സലാം ആവശ്യപ്പെട്ടു.

കണ്ണൂർ അരിയിൽ സിപിഐഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവരെ ആക്രമിച്ച കേസിലെ മുസ്ലിം ലീഗ് പ്രവർത്തകരെയാണ് ഇന്നലെ കണ്ണൂർ അഡിഷണൽ സെഷൻസ്​ കോടതി വെറുതെ വിട്ടത്. 2012 ഫെബ്രുവരിയിൽ തളിപ്പറമ്പ് അരിയിൽ നടന്ന വധശ്രമക്കേസിലാണ് ഉത്തരവ് പുറത്തുവന്നത്. സിപിഐഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

ജയരാജനെതിരായ വധശ്രമക്കേസ് കണ്ണൂരിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഈ സംഘർഷത്തിന്റെ തുടർച്ചയായാണ് എം.എസ്.എഫ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.

ഇത്തരമൊരു ആക്രമണം ഉണ്ടായിട്ടില്ലെന്നും കേസിൽ ഹാജരാക്കിയ രേഖകൾ യഥാർത്ഥമല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികൾ സംഭവസ്ഥലത്തുണ്ടായിട്ടില്ലെന്നും ഹാജരാക്കിയ ആയുധങ്ങൾ വ്യാജമാണെന്നുമായിരുന്നും വാദിച്ചു. മെഡിക്കൽ രേഖകൾ വ്യാജമാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.