നയപ്രഖ്യാപനം; നേട്ടങ്ങള്‍ എണ്ണി പറയുമ്പോള്‍ ഡെസ്‌ക്കിലടിച്ച് പിന്തുണയില്ല, നിസ്സംഗതയോടെ ഭരണപക്ഷം

പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഓരോന്നായി പറയുമ്പോള്‍ നിസംഗതയോടെ ഭരണ പക്ഷം. നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോള്‍ നിശബ്ദമാണ് സഭ. പതിവായി ഉണ്ടാകുന്ന ഡെസ്‌ക്കില്‍ കൈ തട്ടിയുള്ള പിന്തുണ ഇത്തവണ ഇല്ല.

സംസ്ഥാന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് കാലത്തെ പ്രവര്‍ത്തങ്ങള്‍ അടക്കമുള്ള നേട്ടങ്ങള്‍ പറഞ്ഞു. അതേസമയം കേന്ദത്തിനെതിരെ നയപ്രഖ്യാപനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായതായി പ്രസംഗത്തില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് കേന്ദ്രത്തിന് സഹായിക്കാന്‍ ബാധ്യതയുണ്ട്.

കെ റെയില്‍ പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ്. സില്‍വര്‍ലൈന്‍ സില്‍വര്‍ലൈന്‍ സാമ്പത്തിക ഉണര്‍വുണ്ടാക്കും. യാത്രാ സൗകര്യവും വേഗവും വര്‍ദ്ധിക്കും.തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നതായും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

അതേ സമയം നയപ്രഖ്രാപന പ്രസംഗത്തിനിടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ പ്രതിഷേധിക്കേണ്ട സമയം ഇതല്ലെന്ന് പറഞ്ഞു. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭ കവാടത്തില്‍ പ്രതിഷേധിക്കുകയാണ്. സഭയില്‍ പ്രതിപക്ഷ നേതാവി വി.ഡി സതീശന്‍ സംസാരിക്കാന്‍ എഴുന്നേറ്റെങ്കിലും അനുവദിച്ചിരുന്നില്ല.