രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; ലോക്ഡൗണിൽ നഷ്ടം നേരിടുന്ന മേഖലകൾക്ക് കൈത്താങ്ങാവുന്ന പാക്കേജുകളുണ്ടാവാൻ സാദ്ധ്യത

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാവിലെ ഒന്‍പതിന് ഗവർണർ നിയമസഭയിൽ പ്രസംഗം നടത്തും. കോവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതായിരിക്കും നയപ്രഖ്യാപന പ്രസംഗം. ലോക്ഡൗണിൽ നഷ്ടം നേരിടുന്ന മേഖലകൾക്ക് കൈത്താങ്ങാവുന്ന പാക്കേജുകളുണ്ടാവാൻ സാദ്ധ്യതയുണ്ട്.

വീടില്ലാത്തവർക്ക് മുഴുവൻ വീട്, പിഎസ്‍സി വഴി നിയമനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയവയും നയ പ്രഖ്യാപനത്തിലുണ്ടാവും. കോവിഡ് വാക്സീൻ വിതരണത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനമുയരാൻ സാധ്യതയുണ്ട്. ഒരു ഡോസ് പോലും പാഴാക്കാത്ത സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടിയില്ലെന്ന പരാതി ഉന്നയിച്ചേക്കും. ലക്ഷദ്വീപ് വിഷയത്തിലും പരാമർശം ഉണ്ടായേക്കും. കഴിഞ്ഞ സർക്കാരിന്റെ രണ്ട് നയപ്രഖ്യാപന പ്രസംഗങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചത്.

ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ ദിവസം സഭയിൽ എത്താതിരുന്ന മന്ത്രി വി.അബ്ദുറഹ്മാൻ, നെന്മാറ എംഎൽഎ കെ. ബാബു, കോവളം എംഎൽഎ എ.വിൻസന്റ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇന്ന് കെ.ബാബു, മന്ത്രി വി.അബ്ദുറഹമാൻ എന്നിവർ രാവിലെ എട്ടുമണിക്ക് സ്പീക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് ബാധിതനായി വിശ്രമത്തിലുള്ള എം.വിൻസന്റ് എംഎൽഎ വരുംദിവസങ്ങളിൽ സഭയിലെത്തും.