മാനസയ്ക്ക് തലയിലും നെഞ്ചിലും വെടിയേറ്റു; രാഖിൽ ഉപയോ​ഗിച്ചത് 7.62 എംഎം പിസ്റ്റൾ

കോതമംഗലത്ത് ഡെന്റൽ വിദ്യാർഥിനി മാനസയുടെ തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്ന് പൊലീസ്. ആത്മഹത്യ ചെയ്ത രാഖിലിന്റെ തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്.

രാഖിൽ കൊല്ലാൻ ഉപയോഗിച്ചത് 7.62 എംഎം പിസ്റ്റൾ ആണെന്നും പൊലീസ് വ്യക്തമാക്കി. ഏഴുറൗണ്ട് വെടിയുതിർക്കാവുന്ന തോക്കാണിത്. രാഖിലിന് തോക്ക് ലഭിച്ചത് എവിടെ നിന്നാണ് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

പ്രണയനൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്.

ഒരു മാസമായി പ്രതി രാഖിൽ നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായും വിവരമുണ്ട്.

മാനസയുടെയും രാഖിലിന്റെയും മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോർട്ടം നടത്തും.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ. കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് രാഖിൽ എത്തി വിദ്യാർത്ഥിയ്ക്ക് നേരെ വെടിയുതിർത്തത്.