കൈക്കൂലി ആരോപണം നേരിടുന്ന എഎസ് ഐ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

കടവന്ത്ര പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എഎസ്‌ഐ പിഎം തോമസാണ് തൂങ്ങിമരിച്ചത്. തോമസ് പ്രതിയായ വിജിലന്‍സ് കേസിന്റെ വിചാരണ ഇന്ന് തുടങ്ങാനിരിക്കവെയാണ് സംഭവം നടക്കുന്നത്. ബുധനാഴ്ച രാവിലെ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉള്ളില്‍ തൂങ്ങിയ നിലയില്‍ തോമസിനെ കണ്ടെത്തുകയായിരുന്നു.മുളവുകാട് സ്വദേശിയാണ്.

വിജിലന്‍സ് കേസില്‍ പ്രതിയായതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2008 ല്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഈ കേസിലാണ് ഇന്ന് വിചാരണ നടക്കുന്നത്.

ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക്‌പോയ തോമസ് രാത്രി സ്‌റ്റേഷനില്‍ മടങ്ങിയെത്തിയിരുന്നു. സഹപ്രവര്‍ത്തകരോട് സംസാരിച്ചിരുന്ന തോമസ് പുലര്‍ച്ചെ പുറത്തേക്ക് പോയതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.