പരിപാടിക്കിടെ അതിക്രമിച്ച് കയറിയെന്ന് പരാതി; ക്ഷേത്രത്തിലെ പൗരത്വ നിയമ ന്യായീകരണം ചോദ്യം ചെയ്ത യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിയെ  പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. തിരുവനന്തപുരം പേയാട് സ്വദേശി ആതിരയെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ബിജെപി വ്യവസായ സെൽ കൺവീനറും പരിപാടിയുടെ മുഖ്യസംഘാടകയുമായ സജിനി നോർത്ത് പൊലീസിൽ നൽകിയ പരാതിയിലാണ് ആതിരയ്ക്കെതിരെ കേസെടുത്തത്. പരിപാടിക്കിടെ അതിക്രമിച്ച് കയറിയെന്ന വകുപ്പ് ചുമത്തിയാണ് ആതിരക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ആതിര തയ്യാറായില്ല.

ഇന്നലെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വൈറലായ സംഭവം. വിഎച്ച് പി മാതൃയോഗം സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിക്കിടെ ആതിര കടന്ന് വരികയും  പരിപാടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടിരുന്ന സ്ത്രീകൾ ആതിരയെ പുറത്താക്കി.

എന്നാല്‍ പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ആതിരയക്ക് നേരെ ആക്രോശവും വധഭീഷണിയും ഉയര്‍ത്തുന്നത് വീഡിയോയില്‍ കാണാം. അത് ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം.

ഞാനീ നെറ്റിയില്‍ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെണ്‍കുട്ടികളെ കാക്കാന്‍മാര്‍ കൊത്തി കൊണ്ടു പോകാതിരിക്കാനാണെന്നും കൂട്ടത്തിലെ സ്ത്രീ പറയുന്നത് വീഡിയില്‍ കേള്‍ക്കാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അക്രമികള്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.