അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവും വടിവാളും; പൊലീസ് പിടികൂടിയത് സാഹസികമായി

ചേര്‍പ്പ് വെങ്ങിണിശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കാര്‍ ഉപേക്ഷിച്ചു പോയത് കോട്ടയത്തുനിന്നുള്ള ക്വട്ടേഷന്‍ സംഘം. അഞ്ചംഗ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. അപകടസ്ഥലത്തുനിന്നു കാര്‍ യാത്രക്കാരെ രക്ഷിച്ചു കൊണ്ടുപോയ വാഹനം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ചൊവ്വൂര്‍ ഭാഗത്തു പൊലീസ് കണ്ടെത്തുകയായിരുന്നു.

സ്റ്റേഷനില്‍ വിവരമറിയിച്ചതിന് പിന്നാലെ പൊലീസ് വാഹനം എതിര്‍ദിശയിലെത്തി. റോഡ് വണ്‍വേ ആക്കിയിരിക്കുന്നതിനാല്‍ സംഘത്തിന് ഈ പൊലീസ് വാഹനത്തെ മറികടന്നുപോകാന്‍ കഴിഞ്ഞില്ല. കാര്‍ പൊലീസ് ജീപ്പില്‍ ഇടിപ്പിച്ചു രക്ഷപെടാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു പേര്‍ക്കു പരുക്കേറ്റു. ഓടി രക്ഷപെട്ട 2 പേരെയും തിരുവുള്ളക്കാവില്‍നിന്നു പൊലീസ് പിടികൂടി.

Read more

ഇവരുടെ കാറില്‍നിന്ന് കഞ്ചാവ്, വടിവാള്‍, 5 സ്വര്‍ണവള, 30,000 രൂപ ഇവ കണ്ടെടുത്തു. കോട്ടയത്തുനിന്നുള്ള ക്വട്ടേഷന്‍ സംഘമാണെന്നാണു പ്രാഥമിക വിവരം. ഇവരെ ചോദ്യം ചെയ്തു വരുന്നു.