ഓടുന്ന ട്രെയിനിൽ യുവതിയെ ആ​ക്രമിച്ച മോഷ്ടാവ് പിടിയിൽ

പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ ആലപ്പുഴ നൂറനാട് സ്വദേശി പ്രതി ബാബുക്കുട്ടൻ പിടിയിലായി. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് പ്രതി പിടിയിലായത്.

ഏപ്രിൽ 28 നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഗുരുവായൂർ –പുനലൂർ പാസഞ്ചർ വണ്ടിയിൽ മുളന്തുരുത്തിയിൽ നിന്നും കയറിയ യുവതിയെ പ്രതി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയായിരുന്നു.

തുടർന്ന് പ്രാണരക്ഷാർഥം യുവതി ട്രെയിനിൽ നിന്നും പുറത്തു ചാടുകയായിരുന്നു. തുടർന്ന് ബാബുക്കുട്ടൻറെ ഫോട്ടോ പരിക്കേറ്റ യുവതിയെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം കേസന്വേഷിക്കുന്ന റെയിൽവേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടൻറെ ഫോട്ടോ നേരത്തെ പുറത്തു വിട്ടിരുന്നു. രണ്ടു ഡിവൈഎസ്പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തിയത്.