പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തിടുക്കം കാണിക്കുന്നു: പിന്തുണയുമായി കെ.സുരേന്ദ്രന്‍

വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തിടുക്കം കാണിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് തൃക്കാക്കരയിലെ വോട്ട് ലക്ഷ്യം വച്ചുകൊണ്ടുള്ള വര്‍ഗീയ പ്രീണന നയമാണെന്നും ജോര്‍ജിന് ബിജെപിയുടെ മുഴുവന്‍ പിന്തുണയുമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘പൊലീസ് തിടുക്കം കാണിക്കുകയാണ്. പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണല്ലോ കോടതി പറയുന്നത്. അല്ലാതെ കോടതി സ്വമേധയാ പറയുന്നതല്ലല്ലോ. കോടതിയില്‍ എന്തുകൊണ്ടാണ് പൊലീസ് മുജാഹിദ് ബാലുശ്ശേരിയെ അറസ്റ്റ് ചെയ്യാന്‍ പറയാത്തത്? എന്തുകൊണ്ടാണ് ഫസല്‍ ഗഫൂറിനെ അറസ്റ്റ് ചെയ്യാന്‍ പറയാത്തത്? കേരളത്തില്‍ ഇതിനു മുന്‍പ് വിദ്വേഷ പ്രസംഗം നടത്തിയ എന്തുകൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത്?’

‘ആലപ്പുഴയിലെ പ്രകോപനപരമായ മുദ്രാവാക്യത്തില്‍ പൊലീസ് എന്തുകൊണ്ടാണ് കുട്ടിയുടെ രക്ഷിതാക്കളെ അറസ്റ്റ് ചെയ്യാത്തത്? എന്തുകൊണ്ടാണ് സംഘാടകരെ മുഴുവന്‍ പിടിച്ച് അകത്തിടാത്തത്? അതുകൊണ്ട് പിസി ജോര്‍ജിന്റെ കാര്യത്തില്‍ ഗവണ്മെന്റിന്റെ തിടുക്കമാണ്. അത് തൃക്കാക്കരയിലെ 20 ശതമാനം വോട്ട് ലക്ഷ്യം വച്ചുകൊണ്ടുള്ള വര്‍ഗീയ പ്രീണന നയമാണ്. അതല്ലാതെ മറിച്ചൊന്നുമല്ല’ സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം അനന്തപുരിയിലെ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് പിസി ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. നിലവില്‍ അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

ജോര്‍ജിനു പിന്തുണയുമായി ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നിലെത്തിയിട്ടുണ്ട്. അറസ്റ്റ് അംഗീകരിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും എത്തി. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാണ് പിഡിപി പ്രവര്‍ത്തകരുടെ ആവശ്യം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.