പൊലീസ് ആക്ട് ഭേദഗതി; ഗുരുതര മനുഷ്യാവകാശ ലംഘനത്തിന് കാരണമായേക്കും: രമേശ് ചെന്നിത്തല

Advertisement

 

സൈബർ കുറ്റകൃത്യം തടയുന്നതിനെന്ന പേരിൽ വാറണ്ടില്ലാതെ അറസ്റ്റിന് അധികാരം നല്‍കുന്നതിനായി  പൊലീസ് ആക്ടിൽ സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ഗുരുതരമായ മനുഷ്യവകാശ ലംഘനത്തിന് കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സൈബർ ക്രൈം തടയാനെന്ന വ്യാജേന മാധ്യമങ്ങളിൽ സർക്കാരിനെതിരെ വാർത്തകൾ വരുന്നത് തടയാനുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ല. മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ പോലും സർക്കാരിന് അവകാശം നൽകുന്ന ഇത്തരമൊരു നിയമ ഭേദഗതി സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് അങ്ങേയറ്റം ഹാനികരമാണ്. ഇത് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് എതിരാണ് എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

സൈബർ കുറ്റകൃത്യം തടയുന്നതിനെന്ന പേരിൽ വാറന്റില്ലാതെ അറസ്റ്റിന് അധികാരം നല്കുന്നതിനായി  പോലീസ് ആക്ടിൽ സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ഗുരുതരമായ മനുഷ്യവകാശലംഘനത്തിന് കാരണമാകുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

സൈബർ കുറ്റകൃത്യങ്ങൾ തടയണമെന്ന കാര്യത്തിൽ രണ്ടു പക്ഷമില്ല. സ്ത്രീകൾക്കും മറ്റും നേരേയുള്ള അധിക്ഷേപങ്ങൾക്കെതിരെ കർശനമായ നടപടിയും വേണം. പക്ഷേ വീണ്ടുവിചാരമില്ലാതെ നടത്തുന്ന നിയമഭേദഗതികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സർക്കാരിന് അനിഷ്ടകരമായ കാര്യങ്ങൾ പുറത്തുകൊണ്ടുവരുന്ന ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കുക എന്ന മറ്റൊരു അജണ്ടയും ഇതിനു പിന്നിലുണ്ട് എന്നാണ് മനസിലാക്കുന്നത്.

ഈ ഭേദഗതിക്കു മുൻപായി സർക്കാർ രണ്ടു കാര്യങ്ങൾ പരിഗണിക്കണം; സൈബർ കുറ്റകൃത്യങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ ഒരളവ് വരെ പര്യാപ്തമാണോ എന്നതും രണ്ടാമതായി ഇത്തരം ഒരു നിയമഭേദഗതി സുപ്രീം കോടതി അനുവദിക്കുമോ എന്ന കാര്യവും.

സൈബർ ക്രൈം തടയാനെന്ന വ്യാജേന മാധ്യമങ്ങളിൽ സർക്കാരിനെതിരെ വാർത്തകൾ വരുന്നത് തടയാനുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ല. മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ പോലും സർക്കാരിന് അവകാശം നൽകുന്ന ഇത്തരമൊരു നിയമഭേദഗതി സ്വതന്ത്രമാധ്യമപ്രവർത്തനത്തിന് അങ്ങേയറ്റം ഹാനികരമാണ്. ഇത് ഭരണഘടനയുടെ അന്തസത്തയ്ക്ക് എതിരാണ്.

അപകീർത്തിപ്പെടുത്തൽ, അപമാനിക്കൽ എന്നിവ വിലയിരുത്തുക പോലീസ് ഉദ്യോഗസ്ഥനായിരിക്കും. തികച്ചും വ്യക്തികേന്ദ്രീകൃതമായ ഇത്തരം വിലയിരുത്തലുകൾ നടത്തി ഒരാളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്നത് സമുഹമാധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്തുന്നവരെയും ബാധിക്കും.