കോവിഡ് ചട്ടങ്ങൾ ലംഘിച്ച് സമരം; സർക്കാർ എത്ര കേസുകൾ എടുത്തെന്ന് ഹൈക്കോടതി

കോവിഡ് വൈറസ് വ്യാപനം ഉയരുന്ന സഹാചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നടന്ന സമരങ്ങൾക്കെതിരെ ഹൈക്കോടതി. ജൂലൈ രണ്ടിലെ സർക്കാർ മാർ​ഗനിർദേശങ്ങൾ അനുസരിച്ച് എത്ര സമരങ്ങൾക്ക് അനുമതി നൽകിയെന്നും നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ എത്ര കേസുകൾ എടുത്തെന്നും അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

വിശദാംശങ്ങൾ നാളെ തന്നെ നൽകണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

രാഷ്ട്രീയ പാർട്ടികൾ അടക്കം ആഹ്വാനം ചെയ്യുന്ന സമരങ്ങൾ കോവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നിയമം ലംഘിച്ച് സമരം നടത്തുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ചട്ടങ്ങൾ ലംഘിച്ചുള്ള സമരം കോവിഡിൻറെ സാമൂഹിക വ്യാപനത്തിലേക്ക് നയിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് നിർദ്ദേശങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് വലിയ രീതിയിൽ സമരങ്ങളുണ്ടായെന്നും ഹർജിയിൽ പറയുന്നു.