പി.സി ജോര്‍ജ്ജിന്റേത് നാടകം; തൃക്കാക്കരയില്‍ വര്‍ഗീയത ആളിക്കത്തിച്ചത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല

വിദ്വേഷ പ്രസംഗ കേസില്‍ നടപടി നേരിടുന്ന മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിന്റെ തൃക്കാക്കര സന്ദര്‍ശനം നാടകമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി സി ജോര്‍ജ്ജിന് പൊലീസ് നോട്ടീസ് നല്‍കിയതടക്കം നാടകമാണെന്ന് അദ്ദേഹം പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തൃക്കാക്കരയിലെ പ്രചാരണത്തില്‍ വര്‍ഗീയത ആളിക്കത്തിച്ചത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കോടതി പറഞ്ഞത് കൊണ്ടാണ് കേസില്‍ പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തത്. അല്ലാതെ മുഖ്യമന്ത്രി പറഞ്ഞിട്ടല്ല. ഇത്രയും ദിവസം അവിടെയുണ്ടായിട്ടും ചോദ്യം ചെയ്യാതെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത് നാടകത്തിന്റെ ഭാഗമാണ് അത് തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി പി സി ജോര്‍ജ്ജ് തൃക്കാക്കരയിലെത്തി. വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പൊലീസ് നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. ബി ജെ പി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് വേണ്ടി പ്രചാരണം നടത്താനാണ് പി സി ജോര്‍ജ്ജ് തൃക്കാക്കരയില്‍ എത്തിയിരിക്കുന്നത്. യോഗങ്ങളിലും സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടന പരിപാടിയിലും പങ്കെടുക്കും.

തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ റോഡ് ഷോ രാവിലെ ആരംഭിച്ചു. ഉച്ചയ്ക്ക് യു.ഡി.എഫ് ബൈക്ക് റാലി സംഘടിപ്പിക്കും. മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളായ കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിലൂടെ റാലി കടന്നുപോകും.

ബി.ജെ.പി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനും രാവിലെ മുതല്‍ റോഡ് ഷോ തുടങ്ങും. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ വൈകിട്ട് നാല് മണിക്ക് പാലാരിവട്ടത്തെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സമാപിക്കും.