'ഇതിലും വലിയ ഓഫര്‍ വന്നിട്ട് പോയിട്ടില്ല, പിന്നെയാണ് ഇപ്പോള്‍'; ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകളെ തള്ളി പി ജെ കുര്യന്‍

ബിജെപിയിലേക്ക് താന്‍ പോകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. രാജ്യസഭാ ഉപാധ്യക്ഷനായിരുന്നപ്പോള്‍ തനിക്ക് വലിയ ഓഫര്‍ ലഭിച്ചതാണ്. അന്ന് താന്‍ അതിനെ നിരസിച്ചു. സ്ഥാനാര്‍ത്ഥിത്വം തരാമെന്ന് പറഞ്ഞ് ബിജെപിക്കാര്‍ ആരും വന്നിട്ടില്ല. താന്‍ കോണ്‍ഗ്രസുകാരനാണ്. ഇപ്പോഴത്തെ പ്രചാരണം തന്നെ അധിക്ഷേപിക്കാന്‍ വേണ്ടി. പത്രങ്ങളും ചാനലുകളും താന്‍ ബിജെപിയിലേക്ക് പോകുന്നതായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. അത് മര്യാദക്കേടാണ്.

ചില കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണം. മത്സരിക്കണമെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരുമായിരുന്നു. പത്തനംതിട്ടയില്‍ താനും ഇടുക്കിയില്‍ ആന്റോ ആന്റണിയും എന്ന രീതിയില്‍ തിരഞ്ഞെടുപ്പിനെ നേരിടുമായിരുന്നു. പത്തനംതിട്ടയില്‍ മത്സരിക്കുന്നതിന് താത്പര്യമുണ്ടോയെന്ന് കെപിസിസി അധ്യക്ഷന്‍ ചോദിച്ചിരുന്നു. അത് താന്‍ നിരസിച്ചതാണ്

നിലവലില്‍ ബിജെപിയില്‍ നിന്നും ഓഫറുകളില്ല. ആരും തന്നെ സമീപിച്ചിട്ടില്ല. രാജ്യസഭാ ഉപാധ്യക്ഷനായിരുന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ ഓഫര്‍ തന്നതാണ്. അന്ന്  താന്‍ പോയില്ല. അതിനെ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ സാധ്യമില്ല. പത്തനംതിട്ടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.