ഇടുക്കി വിട്ടു കൊടുക്കില്ല, കെ. സി വേണുഗോപാല്‍ മത്സരിക്കാന്‍ സാധ്യതയില്ല: തുറന്നു പറഞ്ഞ് കെ.പി.സി.സി അധ്യക്ഷന്‍

ഇടുക്കിയില്‍ യുഡിഎഫ് സ്വതന്ത്രനായി തന്നെ മത്സരിപ്പിക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജെ ജോസഫിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളി. ഡല്‍ഹിയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് അതിപ്രധാനമായ തിരഞ്ഞെടുപ്പാണിത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കണമെങ്കില്‍ ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറണം. അതു കൊണ്ട് എല്ലാ സീറ്റും പ്രധാനപ്പെട്ടതാണ്. ഇക്കാര്യം വ്യക്തമാക്കിയത് കൊണ്ടാണ് ലീഗ് അധിക സീറ്റ് ആവശ്യത്തില്‍ നിന്നും പിന്മാറിയത്. ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കും.

സംഘടനാ ചുമതലയുള്ളത് കൊണ്ട് കെ സി വേണുഗോപാല്‍ മത്സരിക്കാന്‍ സാധ്യതയില്ല. ഇതു സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിച്ചതായിട്ടാണ് താന്‍ മനസിലാക്കുന്നത്. ഇതു കെ സി വേണുഗോപാല്‍ തന്നെ അറിയിച്ചിരുന്നതാണ്. അതേസമയം സംഘടനാ ചുമതലയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കുന്ന പശ്ചാത്തലത്തില്‍ കെ സി വേണുഗോപാലിന് മത്സരിക്കുന്നതിന് പ്രശ്‌നമുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി.

സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.