പിറവം പള്ളിയുടെ പൂർണചുമതല ഓർത്തോഡോക്സ് പക്ഷത്തിന്, 11 ചാപ്പലുകളുടെയും താക്കോൽ കൈമാറാൻ നിർദേശം

പിറവം പള്ളിയുടെയും പള്ളിക്ക് കീഴിലുള്ള ചാപ്പലുകളുടെയും പൂർണ നിയന്ത്രണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് തന്നെയാകണമെന്ന് ഹൈക്കോടതി ഉത്തരവ്. ചാപ്പലുകളുടെ താക്കോൽ ഓർത്തോഡോക്സ് വിഭാഗക്കാരനായ പള്ളി വികാരിക്ക് കൈമാറാൻ കോടതി വാക്കാൽ നിർദ്ദേശം നല്‍കി. പള്ളിവക വസ്തുക്കളിലും ഭരണത്തിലും യാക്കോബായ വിഭാഗത്തിന് യാതൊരു അധികാരവും ഇല്ല. എന്നാല്‍, പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ ഈ വിഭാഗത്തിന് തടസ്സമുണ്ടാവില്ലെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി വിധി തങ്ങള്‍ക്കനുകൂലമായിട്ടും ചാപ്പലുകളിൽ പ്രവേശിക്കാനോ പ്രാര്‍ത്ഥന നടത്താനോ യാക്കോബായ വിഭാഗം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ വിധി വന്നിരിക്കുന്നത്.

11 ചാപ്പലുകളില്‍ ഇതുവരെ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം കോടതിയെ അറിയിച്ചു. പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തങ്ങളെ അനുവദിക്കണമെന്നാണ് യാക്കോബായ വിഭാഗം ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതനുവദിച്ച കോടതി ചാപ്പലുകളുടെയെല്ലാം താക്കോല്‍ പള്ളിവികാരിക്ക് കൈമാറാന്‍ കോടതി നിർദേശം നൽകി.

24 മണിക്കൂറും പള്ളിക്ക് സംരക്ഷണം നല്‍കുക എന്നത് സാദ്ധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഞ്ചു നിയോജക മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കൂടുതൽ പൊലീസുകാരെ മുഴുവൻ സമയ സുരക്ഷയ്ക്കായി നിയോഗിക്കാൻ കഴിയില്ലെന്ന് സർക്കാർ അറിയിച്ചു. എന്നാൽ പള്ളിത്തർക്കത്തിന്റെ പേരിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണമെന്ന് കോടതി നിർദേശം നൽകി.