തിരഞ്ഞെടുപ്പിൽ കണ്ടത് പിണറായിസം, രണ്ടാം സ്ഥാനം തന്ന പൂ‍ഞ്ഞാറുകാർക്ക് നന്ദി: പി.സി ജോര്‍ജ്

 

നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് പിണറായിസമാണെന്നും യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിജയം പിണറായി വിജയന്‍റെ വിജയമാണെന്നും പി.സി ജോര്‍ജ്.  ആദ്യം നന്ദി പറയുന്നത് മൂന്നു മുന്നണിക്കും എതിരായി ഒറ്റക്ക് മത്സരിച്ച തനിക്ക് രണ്ടാം സ്ഥാനം തന്ന പൂ‍ഞ്ഞാറിലെ ജനങ്ങളോടാണ്. അത് പറഞ്ഞില്ലെങ്കിൽ താൻ നന്ദികെട്ടവനാണ്. മൂന്ന് മുന്നണികൾ മാത്രമല്ല, തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹവും തനിക്കെതിരെ ഉണ്ടായിരുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ പിണറായിസം തന്നെയാണ്. സിപിഎമ്മിന്റേത്, എൽഡിഎഫിന്റേത് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. പിണറായിയുടെ സ്വന്തം നേട്ടമാണ് ഇത്.  കൊറോണയെ നേരിടാന്‍ അദ്ദേഹം കാണിച്ച ശ്രമം ചെറുതല്ല. പ്രളയത്തിലും ഒപ്പം നിന്നു. ഒരാളേയും പട്ടിണിക്കിട്ടില്ല. എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയാരാണോ അവര്‍ക്ക് ജനം വോട്ട് ചെയ്തു. സ്ഥാനാര്‍ത്ഥിയെ നോക്കിയില്ല. പിണറായിയുടെ വലിയ നേട്ടമാണിത്. പി.സി ജോർജ് പറഞ്ഞു.

മേഴ്‌സിക്കുട്ടിയമ്മയെയും ജലീലിനെപ്പറ്റിയും ജനത്തിന് പരാതി ഉണ്ടായിരുന്നു. ജനം ബോധവാന്മാരാണ്.

പതിനായിരത്തിൽ അധികം വോട്ടുകൾക്കാണ് പൂഞ്ഞാറിൽ പി.സി ജോർജ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലാണ് ഇവിടെ വിജയിച്ചത്.