സമൂഹ വ്യാപനത്തിന്റെ ആദ്യപടി; സുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമായി പാലിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് സാഹചര്യം സമൂഹ വ്യാപനം എന്ന ഭീതിജനകമായ അന്തരീക്ഷത്തിലേക്ക് എത്തിയിട്ടില്ല എന്നും എന്നാൽ നിലവിൽ സമൂഹ വ്യാപനത്തിന്റെ ആദ്യപടിയാണ് ഉള്ളത് എന്നും ശ്രദ്ധിച്ചില്ലെങ്കിൽ സമൂഹ വ്യാപനത്തിലേക്കു കടന്നു എന്നു വരാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“സമൂഹ വ്യാപനം എന്ന ആ ഭീതിജനകമായ അന്തരീക്ഷത്തിലേക്ക് നാം എത്തിയിട്ടില്ല. എന്നാൽ ചില ക്ലസ്റ്ററുകളിൽ സൂപ്പർ സ്പ്രെഡ് എന്ന നിലയിൽ എത്തിയിട്ടുണ്ട്. അത് സമൂഹ വ്യാപനത്തിന്റെ ആദ്യപടിയുമാണ്, നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ സമൂഹ വ്യാപനത്തിലേക്കു കടന്നു എന്നു വരും. അതാണ് ഈ പറയുന്ന സമ്പർക്ക വ്യാപനം കൂടുന്നത്, അതിന്റെ ഭാഗമായി തന്നെയാണ് ഉറവിടം അറിയാത്ത ആളുകളും വരുന്നത്, അപ്പോൾ നാം കൂടുതൽ ഗൗരവമായി ശ്രദ്ധിക്കേണ്ടതുണ്ട് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നിര്ബന്ധമായി പാലിച്ചുപോകേണ്ടതുണ്ട് എന്ന് അതുകൊണ്ടാണ് പറയുന്നത്. അതുകൊണ്ടു തന്നെയാണ് സർക്കാർ സമൂഹത്തിൽ ഉള്ള വിവിധ മേഖലകളിൽ ഉള്ളവരുടെ, അവരെ വേർതിരിച്ചു കൊണ്ട് തന്നെ അവരെ ടെസ്റ്റ് ചെയ്യാൻ തയ്യാറാവുന്നത്. ആ ടെസ്റ്റ് ചെയ്തപ്പോൾ ഉള്ള ഫലം സാധാരണയിൽ നിന്നും കൂടുതൽ ആയി വന്നിട്ടുണ്ട്. അത് നല്ല സൂചനയല്ല, കുറച്ച് ആശങ്ക ഉളവാക്കുന്നതാണ്. പരിശോധന ഇനിയും വർദ്ധിപ്പിക്കുകയാണ്. വിവിധ മേഖലകളിൽ ഇത്തരത്തിൽ ഉള്ള ടെസ്റ്റിംഗ് വർദ്ധിപ്പിക്കാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്- മുഖ്യമന്ത്രി പറഞ്ഞു.

Read more

സംസ്ഥാനത്ത് ഇന്ന് 416 പേർക്കാണ്‌ കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 204 പേർക്കാണ്. 112 പേര്‍ രോഗമുക്തി നേടി. ഓൺലൈൻ വാർത്താസമ്മേളനം വഴി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇത് ആദ്യമായാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം നാനൂറ് കടക്കുന്നത്.