"പ്രതിപക്ഷം വീണിടത്ത് കിടന്ന് വിദ്യ കാണിക്കുന്നു": സി.സി.ടി.വി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുഖ്യമന്ത്രി

സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടിവെട്ടിയതിനെ തുടർന്ന് സ്വിച്ചിൽ തകരാറ് പറ്റിയതാണെന്നും, അത് മാറ്റാനുള്ള നടപടികൾ എടുത്തു എന്നുള്ള വിശദീകരണം ഇപ്പോൾ വന്നിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ സി.സി.ടി.വി ദൃശങ്ങൾ നശിപ്പിച്ചു എന്ന പ്രതിപക്ഷ ആരോപണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം ആരോപണത്തിൽ ഉറച്ചു നില്‍ക്കുകയല്ല. പ്രതിപക്ഷം താൻ പിടിച്ച മുയലിന് കൊമ്പ് നാലാണ്‌ എന്ന് പറയുകയാണ്, വീണിടത്തു കിടന്നു വിദ്യ കാണിക്കാൻ നോക്കുകയാണ് എന്നും മുഖ്യമന്ത്രി പരിഹസിച്ചു.

“ആരോപണത്തിൽ ഉറച്ചു നില്‍ക്കുകയല്ല. ഞാൻ പിടിച്ച മുയലിന് കൊമ്പ് നാലാണ്‌ എന്ന് പറയുന്നുണ്ട് എന്ന് മാത്രമേ ഉള്ളൂ, മറ്റൊന്നും ഇല്ല. ഈ പറഞ്ഞ കാര്യങ്ങൾ അബദ്ധം ആണെന്നും, ആ അബദ്ധം സമ്മതിക്കാൻ തയ്യാറല്ല എന്ന് മാത്രമല്ലേ അതിന്റെ അകത്ത് ഉള്ളൂ. ഇതിൽ എന്താ സംഭവിച്ചത്, ഇടിവെട്ടി. ഇടിവെട്ടിയാൽ നമുക്ക് ആർക്കെങ്കിലും നിയന്ത്രിക്കാൻ പറ്റുമോ അത്. ഇവിടെ ഞാൻ ഓർക്കുന്നത് ഈ ക്ലിഫ് ഹൗസിൽ ഒരു ദിവസം ഇടിവെട്ടിയപ്പോൾ കുറെ കാര്യങ്ങൾ ആണ് ഒന്നിച്ച് നശിച്ചു പോയത്. അത് സ്വാഭാവികമല്ലേ, ഇടിവെട്ടിന്റെ ഭാഗമായിട്ട് വരുന്ന കാര്യമല്ലേ. അവിടെ സംഭവിച്ചത് എന്തോ സ്വിച്ചിൽ തകരാറ് പറ്റി, അത് മാറ്റാനുള്ള നടപടികൾ എടുത്തു എന്നൊക്കെയുള്ള വിശദീകരണം ഇപ്പോൾ വന്നിട്ടുണ്ട്. സാധാരണ നിലയ്ക്ക് നടക്കുന്ന ഒരു കാര്യമല്ലേ. എന്തോ ഒരു കടലാസ് കിട്ടി, ആ കടലാസ് പൊക്കി പിടിച്ച് ഇതാ കിട്ടിപ്പോയി എന്ന് പറഞ്ഞിട്ട് പൊറപ്പെട്ടതല്ലേ അബദ്ധം. സാധാരണ നിലയ്ക്ക്, കിട്ടിയ കാര്യങ്ങൾ വിലയിരുത്താൻ തയ്യാറാവണ്ടേ. വിലയിരുത്തി കൊണ്ടല്ലേ പറയേണ്ടത്. എന്നിട്ട് പിന്നേം വീണിടത്തു കിടന്നു വിദ്യ കാണിക്കാൻ നോക്കുകയാണ്, അതാണല്ലോ സംഭവിക്കുന്നത് അതിനു എന്ത് ചെയ്യാൻ പറ്റും.” മുഖ്യമന്ത്രി പറഞ്ഞു.

“സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.എ ആവശ്യപ്പെട്ടു എന്നാണ് പറയുന്നത്. എന്നാൽ ചീഫ് സെക്രട്ടറിയുടെ ഇത് സംബന്ധിച്ചുള്ള വിശദീകരണം വന്നിരുന്നു. നേരത്തെ ഒരു വിവാദം വരികയും, ചീഫ് സെക്രട്ടറി വിശദീകരണ കുറിപ്പ് പുറത്തിറക്കുകയും ചെയ്തതാണ്, പക്ഷെ ഇപ്പോഴും പ്രതിപക്ഷം ഈ സി.സി.ടി.വി ദൃശങ്ങൾ നശിപ്പിച്ചു എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്.” എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയ അന്വേഷണ ഏജൻസി സി.സി.ടി വി ദൃശ്യങ്ങൾ പരിശോധിക്കാൻ വന്നു അതുകൊണ്ട് മുഖ്യമന്ത്രി രാജിവെയ്ക്കണം എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് “അത് ഒരു മോഹമല്ലേ, അങ്ങനെ മോഹങ്ങൾ എന്തൊക്കെ കാണും, അതിന് ഞാൻ എന്ത് ചെയ്യാനാ,” എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.