'പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ്, കുറയ്ക്കാനുള്ള നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കും'; ഭവന നിര്‍മ്മാണത്തിന് പുതിയ രീതി കൊണ്ടു വരുമെന്നും മുഖ്യമന്ത്രി

പ്രളയ പശ്ചാത്തലത്തില്‍ കേരളത്തിലെ കെട്ടിട നിര്‍മ്മാണ രീതികളില്‍ ജനം മാറി ചിന്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നും അത് കുറയ്ക്കാനുള്ള നിര്‍മ്മാണ നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും അതിനു വേണ്ട നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ഭവന നിര്‍മ്മാണ രീതിക്ക് പ്രീഫാബ്രിക്കേഷന്‍ രീതി അവലംബിക്കാന്‍ ആലോചനയുണ്ടെന്നും ലൈഫ് മിഷന്‍ പദ്ധതികളില്‍ ഈ രീതി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍,

ഈ വര്‍ഷവും വലിയ കാലവര്‍ഷക്കെടുതിയാണ് അനുഭവിക്കേണ്ടി വന്നത്. പ്രകൃതി ദുരന്തങ്ങളില്‍ നിസ്സഹായരായി നാം നിന്നിട്ടില്ല. പകരം അതിജീവിച്ചു. ഇത് കേരളത്തിന്റെ തനിമയാണ്.

ദുരന്തങ്ങള്‍ ഭാവിയില്‍ എങ്ങനെ ഒഴിവാക്കാനാവും എന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. നിലവിലുള്ള നിര്‍മ്മാണ രീതിക്ക് ധാരാളം പ്രകൃതി വിഭവങ്ങള്‍ വേണ്ടി വരുന്നുണ്ട്. ഇതേ കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഇതിന് മാറ്റം വേണ്ടതല്ലേ. പ്രകൃതിയില്‍ നിന്ന് മണ്ണും മണലും ഊറ്റിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷം നാം കണ്ടു കഴിഞ്ഞു. ലളിതമായ നിര്‍മ്മാണം ലോകത്താകെയുള്ള രാജ്യങ്ങളില്‍ നടന്നു വരുന്നുണ്ട് അവിടെയുള്ള വ്യത്യസ്ത നിര്‍മ്മാണ രീതികള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കേണ്ടതുമുണ്ട്.

നിര്‍മ്മാണ രീതിയില്‍ പുതിയ രീതി സ്വീകരിക്കാനാവുമോ എന്നാലോചിക്കുകയാണ്. പ്രീഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഇതിനായി ആലോചിക്കുന്നു. വീട് നിര്‍മ്മാണത്തിനുള്ള കാലതാമസം ഒഴിവാക്കാനാവും. ഫാക്ടറിയില്‍ നിര്‍മ്മിച്ച വീടിന്റെ ഭാഗങ്ങള്‍ കൊണ്ടുവന്ന് വീടാക്കാവുന്ന രീതി അവലംബിക്കാനാവും.

ഇന്നത്തെ നിലയില്‍ പ്രകൃതിയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ പരമാവധി കുറച്ചുള്ള നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുകയും അതിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്യേണ്ടതുണ്ട്. ദുരന്തം ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാനുള്ള കെട്ടിടം പുതിയ സാങ്കേതികവിദ്യയില്‍ നിര്‍മ്മിക്കുക. ഭാരമില്ലാത്തും നല്ല ഈടുള്ളതും വളരെ വേഗം പൂര്‍ത്തിയാക്കാവുന്നതുമായ നിര്‍മ്മാണ സങ്കേതമാണ് ഉപയോഗിക്കേണ്ടത്. പല രാജ്യങ്ങളിലും ഇത് നല്ല പോലെ നടപ്പിലാക്കുന്നുണ്ട്.

സമ്പാദ്യം സ്വരുക്കൂട്ടി കടം വാങ്ങി വീടുണ്ടാക്കുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. നമ്മുടെ മനോഭാവത്തില്‍ മാറ്റമുണ്ടാവേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ പുതിയ രീതിക്ക് സ്വീകാര്യതയുണ്ടാവില്ല. പലകുറ്റങ്ങളും പറയാനാണ് സാധ്യത. പക്ഷെ പിന്നീട് ജനങ്ങളെ ആകര്‍ഷിക്കാനാകുമെന്ന കരുതുന്നു. മാത്രമല്ല ഇതിനനുകൂലമായ പൊതുബോധം വളര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം. ചെന്നൈ ഐഐടി ഇത്തരം നിര്‍മ്മാണങ്ങള്‍ വിജയകരമായി നടത്തുന്നുണ്ട്. നമ്മുടെ ആവാസ വ്യവസ്ഥിതിയില്‍ എവിടെ താമസിക്കാം താമസിക്കാന്‍ കഴിയില്ല എന്നതുമായി ബന്ധപ്പെട്ട് ഗൗരവമായ പഠനം നടത്തേണ്ടതുണ്ട്. ഭൂവിനിയോഗത്തെ കുറിച്ച് പഠിക്കേണ്ടതുണ്ട്. ഭൂപ്രദേശത്തിന്റെ ദൃഢത അവിടെ കെട്ടിടം പണിയാന്‍ പറ്റുന്നതാണോ എന്ന് പഠിക്കണം. കെ പി സുധീര്‍ കണ്‍വീനറായ സമിതി ഇതേ കുറിച്ച് പഠിക്കും. ഭൗമശാസ്ത്രമേഖലയിലുള്ളവര്‍, ഐഐടി ചെന്നൈ, ദുരന്തനിവാരണം സെക്രട്ടറി എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. ഇതോടൊപ്പം ദേശീയ അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരുമായി കമ്മറ്റി ആശയവിനിമയം നടത്തും.

തീവ്രമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ പരിശോധിക്കേണ്ടതുണ്ട്. അനന്തരഫലങ്ങള്‍ കുറയ്ക്കാനുള്ള പരിഹാര നടപടികളും നിര്‍ദേശിക്കണം. പ്രളയം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടവും പരിഹാര മാര്‍ഗ്ഗവും നിര്‍ദേശിക്കണം.

ശംഖുമുഖത്ത് തിരയില്‍ പെട്ട യുവതിയെ അതിസാഹസികമായി രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ ലൈഫ് ഗാര്‍ഡ് ജോണ്‍സണ് ജീവന്‍ നഷ്ടമായി . ജോണ്‍സന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഭാര്യയ്ക്ക് യോഗ്യതക്കനുസരിച്ച് ടൂറിസം വകുപ്പില്‍ ജോലിയും നല്‍കും.

പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രവാസികളുടെ ക്ഷേമവും നിക്ഷേപവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.