അപകട സാധ്യതകണ്ട് മാറിത്താമസിക്കാന്‍ എല്ലാവരും തയ്യാറാകണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും അഭ്യര്‍ഥനയും മാനിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിലമ്പൂരില്‍ നിര്‍ഭാഗ്യകരമായ സാഹചര്യമാണ് ഉണ്ടായത്. അപകട സാധ്യതകണ്ട് മാറാന്‍ അഭ്യര്‍ഥിച്ച ചില ആളുകള്‍ ഒന്നും സംഭവിക്കില്ല എന്ന ധാരണയില്‍ മാറാതിരിക്കുന്നു. എന്നാല്‍ അവരെല്ലാവരുടെയും ജീവന്‍ നഷ്ടപെട്ടുവെന്ന ആശങ്കയാണ് നിലവിലുള്ളത്.

എന്തെങ്കിലും സംഭവിച്ചാല്‍ തടയാന്‍ കഴിയില്ല. അതുകൊണ്ട് അപകട സാധ്യതകണ്ട് മാറിത്താമസിക്കാന്‍ എല്ലാവരും തയ്യാറാകണം. മാറി താമസിക്കുന്ന ആളുകള്‍ക്ക് സുരക്ഷിതമായി കഴിയാനുള്ള ക്യാമ്പുകള്‍ തുടങ്ങാനും എല്ലാ സചീകരണങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വടക്കന്‍ ജില്ലകളില്‍ മഴ അതിശക്തമായി തുടരുകയാണ്. രണ്ടു വലിയ അപകടങ്ങള്‍ ഉണ്ടായി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പോത്തുകല്ല്, ഭൂദാനംമുത്തപ്പന്‍ മല ഉരുള്‍പൊട്ടലില്‍ പിളര്‍ന്നു പോയി. മണ്ണിനടിയില്‍ നാല്‍പതോളം പേര്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് കരുതുന്നത്.

മൂന്നു പേരുടെ മൃതദേഹം കണ്ടെടുത്തു. രണ്ടുപേരെ രക്ഷപ്പെടുത്താനായി. അവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പോലീസ് സംഘവും ഫയര്‍ഫോഴ്‌സും എന്‍.ഡി.ആര്‍.എഫും നാട്ടുകാരും രംഗത്തുണ്ട്. അവിടേക്കുള്ള വഴി ദുഷ്‌കരമാണ്. പായങ്കര പാലം തകര്‍ന്നതിനാല്‍ വലിയ യന്ത്രങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുന്നില്ല. എന്നാലും സാധ്യമായ എല്ലാ ഉപകരണങ്ങളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. മറ്റൊരു വലിയ അപകടമുണ്ടായത് വയനാട് ജില്ലയിലെ മേപ്പാടിയിലാണ്. അവിടെ പൂര്‍ണതോതില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. 9 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

വയനാട് പുത്തൂര്‍ മലയിലുണ്ടായ ആ ഉരുള്‍പൊട്ടലില്‍ എത്ര പേര്‍ അപായപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായിട്ടില്ല. മണ്ണുമാന്തി യന്ത്രങ്ങളും മറ്റു ഉപകരണങ്ങളും പ്രവര്‍ത്തപ്പിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്. ജില്ലയിലാകെ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്താകെ 738 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വൈകീട്ട് 3 മണിവരെയുള്ള കണക്കാണിത്. 15748 കുടുംബങ്ങളിലെ 64,013 പേര്‍ ഈ ക്യാമ്പുകളിലുണ്ട്. സംസ്ഥാനത്താകെ 3 മണിവരെ കണക്കാക്കിയ മരണ സംഖ്യ 28 ആണ്. 9 പേര്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 27 പേര്‍ക്ക് പരിക്കേറ്റു. 101 വീടുകള്‍ പൂര്‍ണമായും 1383 വീടുകള്‍ ഭാഗികമായും തകര്‍ന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.