"അങ്ങനെയൊരു വിദണ്ട വാദം ഉന്നയിച്ചോ...വിവരമില്ലാത്ത പ്രതികരണമായിപ്പോയി": വി. മുരളീധരന് എതിരെ മുഖ്യമന്ത്രി

 

ഗ്രീൻ സോണായി പ്രഖ്യാപിച്ച ഇടുക്കി, കോട്ടയം ജില്ലകളില്‍ വീണ്ടും രോഗവ്യാപനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ കൈയിലിരുപ്പു കൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല എന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി. അദ്ദേഹം അങ്ങനെയൊരു വിദണ്ട വാദം ഉന്നയിച്ചോ? എപ്പഴാ അദ്ദേഹം അങ്ങനെ പറഞ്ഞത്? എന്നു ചോദിച്ച് തുടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ വി മുരളീധരനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

“അതൊരു വിവരമില്ലാത്ത പ്രതികരണമാണ്. കേന്ദ്ര മന്ത്രിസ്ഥാനത്തിന് യോജിച്ച പ്രതികരണമല്ലത്. എവിടെ ആലോചിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. സാധാരണഗതിയില്‍ സംസ്ഥാനത്ത് ആലോചിക്കാനുള്ള സംവിധാനമുണ്ട്. ആ ആലോചനയുടെ ഭാഗമായിട്ടാണ് അങ്ങനെ ഒരു നിലപാടെടുത്തത്. അവിടെ വലിയ തോതിൽ എണ്ണം വർദ്ധിക്കുന്ന  നിലയാണ് വന്നത്. അതിന്റെ ഭാഗമായിട്ടാണ് അത്തരമൊരു നിലപാടിലേക്ക് പോയത്. അത് നല്ല രീതിയില്‍ പടരുന്നത് തടയുന്നതിന് ഇടയാക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഞാനിപ്പോഴും വിശ്വസിക്കുന്നില്ല അങ്ങനെ ഒരു നിലപാട് കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നുള്ളത്. അങ്ങനെയുണ്ടായാല്‍ അത് ശുദ്ധ വിവരക്കേടമാണ്.” മുഖ്യമന്ത്രി പറഞ്ഞു.

വി മുരളീധരന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്:

കൊവി‍‍ഡ് മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യമൊന്നാകെ ലോക് ഡൗണിൽ ആയിട്ട് ഒരുമാസം പിന്നിട്ടു കഴിഞ്ഞു. തുടക്കത്തിലെ ജാഗ്രത ഒടുക്കം വരെയും വേണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി തന്നെ പലതവണ ഓ‍ർമിപ്പിച്ചത്. അവസാനത്തെ രോഗിയും സുഖം പ്രാപിച്ചാലേ രാജ്യം സുരക്ഷിതമായി എന്ന് പറയാനാകൂ. അല്ലാത്തപക്ഷം നാമെല്ലാവരും കൊവിഡ് രോഗത്തിന്റെ നോട്ടപ്പുള്ളികളാണ്. എപ്പോൾ വേണമെങ്കിലും നമ്മെ കീഴ്പ്പെടുത്താൻ വൈറസ് ട്രിഗർ അമ‍ർത്താം. ലോകരാജ്യങ്ങളിൽ പലയിടത്തും നാം ഇത് കണ്ട് കഴിഞ്ഞു. ജാഗ്രതയുടെ കണ്ണൊന്ന് തെറ്റിയാൽ അത് അപകടമാകും.എന്നാൽ ഇക്കാര്യത്തിൽ കേരളത്തിന് പിഴവ് പറ്റിയോ എന്ന് കൂടി ആലോചിക്കേണ്ട സമയമാണ്. രാജ്യമൊന്നാകെ യുദ്ധസമാന സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ കേരളത്തിലെ ഇടതുസർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് നാം ഇടുക്കിയിലും കോട്ടയത്തും കാണുന്നത്.

എറ്റവും സുരക്ഷിതമായ ഗ്രീൻ സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ കേരളത്തിലെ ഇടതുസർക്കാർ പ്രഖ്യാപിച്ചത്. ആ ജാഗ്രതക്കുറവ് ഇപ്പോൾ എവിടെയെത്തിച്ചെന്ന് കണ്ടില്ലേ? പറഞ്ഞുതീരുംമുമ്പേ ഗ്രീൻ സോൺ, റെഡ് സോണായി മാറി. കൊവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സർക്കാരും പി ആറുകാരും ആവർത്തിച്ചിരുന്നത്. എന്നാൽ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സർക്കാരിന്റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ല.
മറ്റുളളവർ സർക്കാരിനെക്കുറിച്ച് മേനി പറയുന്നത് കേട്ട് , കണ്ണുമഞ്ഞളിച്ചുപോയ പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും യാഥാർത്ഥ്യബോധത്തോടെ പെരുമാറണം. എന്നിട്ട് സംസ്ഥാനത്ത് കൊവിഡ്ടെസ്റ്റുകൾ വ്യാപകമായി നടത്തണം. എങ്കിലേ സാമൂഹ്യ വ്യാപനം ഉണ്ടായോ എന്ന് അതിവേഗം തിരിച്ചറിയാനാകൂ. അല്ലെങ്കിൽ ഈ വൈറസ് നമ്മുടെ നാടിനെ വിഴുങ്ങുന്നതാകും ഫലം.
അതീവ ജാഗ്രത തുടരാം. അതിൽ വിട്ടുവീഴ്ച ഇനി പാടില്ല.

https://www.facebook.com/VMBJP/posts/2893886174040726