പിണറായി വിജയന്‍ അഴിമതിയുടെ രാജാവ്, ജൂനിയര്‍ നേതാവിനെ മേയറാക്കിയത് അഴിമതി നടത്താന്‍: കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിയുടെ രാജാവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതി നടത്താനാണ് ഒരു ജൂനിയര്‍ നേതാവിനെ മേയറാക്കിയത്. നായ്ക്കളുടെ വന്ധ്യകരണത്തില്‍ പോലും തിരുവനന്തപുരം നഗരസഭ പണം അടിച്ചു മാറ്റുന്നു. ആര്യ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്നും കത്ത് വിവാദത്തില്‍ പ്രതിഷേധം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

മേയര്‍ ആര്യ രാജേന്ദ്രന് എതിരായ സമരത്തില്‍ ഇന്നും തലസ്ഥാന നഗരം യുദ്ധക്കളമായി. യുവമോര്‍ച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറെനേരമായി കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ തെരുവ് യുദ്ധം തുടരുകയാണ്. നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ച പൊലീസ് /യുവമോര്‍ച്ചക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജും നടത്തി.

നിയമനക്കത്തുവിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. ആരോപണങ്ങളെപ്പറ്റി മേയര്‍ക്ക് പറയാനുള്ളത് കേട്ടശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി നവംബര്‍ 25 ന് വീണ്ടും പരിഗണിക്കും.

കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാതിവയ്ക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.  നഗരസഭയില്‍ സമരം പ്രതിപക്ഷത്തിന്റെ ആവശ്യവും അവകാശവുമാണ്. മേയറുടെ രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. ഞങ്ങള്‍ ജനങ്ങളോട് കാര്യം പറയും. വിവാദ കത്തില്‍ എഫ്‌ഐആര്‍ ഇടാത്തതിനെ കുറിച്ച് അറിയില്ലെന്നും അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.