പിണറായി വിജയന്‍ അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവ്; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

മലയാള അധിക്ഷേപതാരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബാക്കി മഷിത്തണ്ടുകളും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെയാണുള്ളതെന്നും കൊച്ചിയില്‍ അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ മുതല്‍ സെല്‍ഫി എടുക്കാന്‍ വന്ന എസ്എഫ്‌ഐ പയ്യനെയും, പത്രക്കാരെയും വരെ അടച്ചധിക്ഷേപിക്കുന്ന പിണറായിയെ കെപിസിസി അധ്യക്ഷന്റെ ചെലവില്‍ ആരും വെള്ള പൂശണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസഭ്യവും, ഉദാഹരണവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം. മനസ്സിലാകാതിരിക്കാന്‍ ആരും പ്രകാശം പരത്തുന്നവരല്ല. എല്ലാവരും ബഹുമാനിക്കുന്ന പി ടി തോമസിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തെ സുവര്‍ണാവസരമായി കണ്ടയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഇതിനെതിരെ ശക്തമായ ജനരോഷം ഉണ്ടായി. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണ് കെപിസിസി അധ്യക്ഷന് എതിരായ കേസെന്നും ചെന്നിത്തല പറഞ്ഞു.