എൻജിനീയറിം​ഗ് പരീക്ഷ ബഹിഷ്കരണം; കെ.എസ്.യു പ്രവർത്തകർ നടത്തിയ അക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിം​​ഗിൽ ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കെ.എസ്.യു പ്രവർത്തകർ നടത്തിയ അക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വിദ്യാർഥികളുടെ ഉപരിപഠനവും തൊഴിലന്വേഷണവും മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങാതെ നോക്കേണ്ടത് സമൂഹത്തിൻ്റെ ആകെ ഉത്തരവാദിത്വമാണ്.

ആ ലക്ഷ്യത്തിനായി ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. ഇത്തരം അക്രമങ്ങളിലൂടെ അത് തകർക്കാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി അതിനെ തകർക്കാൻ ശ്രമിക്കുന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷ ബഹിഷ്‌കരിച്ച് കെഎസ്‌യു പ്രവർത്തകർ കോളജ് ഓഫീസിൽ കയറി ചോദ്യപേപ്പർ വലിച്ചെറിയുകയായിരുന്നു. പ്രതിഷേധത്തിനിടയിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫെയ്സ്ബുക്ക് കുറിപ്പ്

കോവിഡ് വ്യാപനത്തിൻ്റെ ആദ്യഘട്ടം മുതൽ വിദ്യാർഥികളുടെ അദ്ധ്യയനവും പരീക്ഷകളും മുടങ്ങാതെ കൊണ്ടുപോകാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങളോടെ ആ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. വിദ്യാലയങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർവസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആലോചനകളും പരിശ്രമങ്ങളും ഒപ്പം നടന്നു വരുന്നു. ഈ ഘട്ടത്തിൽ അത്തരമൊരു ഉദ്യമം വിജയകരമായി നടപ്പാക്കാൻ ആവശ്യമായ പിന്തുണ നൽകുന്നതിനാണ് വിദ്യാർത്ഥി സംഘടനകൾ മുൻപിൽ ഉണ്ടാകേണ്ടത്. പകരം സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി അതിനെ തകർക്കാൻ ശ്രമിക്കുന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കെ.എസ്.യു പ്രവർത്തകർ നടത്തിയ അക്രമം അങ്ങേയറ്റം അപലപനീയമാണ്. വിദ്യാർഥികളുടെ ഉപരിപഠനവും തൊഴിലന്വേഷണവും മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങാതെ നോക്കേണ്ടത് സമൂഹത്തിൻ്റെ ആകെ ഉത്തരവാദിത്വമാണ്. ആ ലക്ഷ്യത്തിനായി ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. ഇത്തരം അക്രമങ്ങളിലൂടെ അത് തകർക്കാൻ ശ്രമിക്കരുത്.

Read more