എല്‍.ഡി.എഫിന്റെത് എല്ലാവരെയും ചേര്‍ത്തു പിടിക്കുന്ന ഭരണം, ഇന്ന വിഭാഗത്തില്‍ പെട്ടവനാണെന്ന് പറഞ്ഞ് അടര്‍ത്തി എടുക്കാമെന്ന് ആരും കരുതേണ്ട; എന്‍.എസ്.എസിന് പേരെടുത്തു പറയാതെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്

ഉപതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ എന്‍.എസ്.എസിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വേര്‍തിരിവില്ലാതെ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ഭരണമാണ് എല്‍ഡിഎഫിന്റേതെന്നും അതില്‍ നിന്ന് ഓരോരുത്തരെയായി നീ ഇന്ന വിഭാഗത്തില്‍പെട്ടവനാണെന്ന് പറഞ്ഞ് അടര്‍ത്തിയെടുക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. അരൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തെ നമ്പര്‍ വണ്‍ ആക്കിയ ഭരണത്തിന്റെ ഗുണഫലം അനുഭവിച്ചവരില്‍ എല്ലാ ജാതിയിലും മതത്തിലും എല്ലാ മുന്നണിയിലും പെട്ടവരുണ്ട്. എല്‍ഡിഎഫ് അല്ലായിരുന്നുവെങ്കില്‍ ഇതൊന്നും സാധ്യമാവുകയില്ലെന്ന് അവര്‍ക്ക് നന്നായറിയാം. അതിനാലാണ് മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് ജനപിന്തുണ കൂടിയത്. മുമ്പ് കൂടെ ഇല്ലാത്തവരും ഒപ്പം വന്നത്.

സര്‍ക്കാരിന്റെ ക്ഷേമ, വികസന, ആശ്വാസ നടപടികളുടെ ഗുണഫലം ലഭിച്ച ജനങ്ങള്‍ക്ക് അക്കാര്യം നല്ല ബോധ്യമുണ്ട്. അവരെ ഏതെങ്കിലും വലയില്‍ കുരുക്കാമെന്ന് കരുതിയാല്‍ ആ വലപൊട്ടിച്ച് പുറത്തു കടക്കാന്‍ അവര്‍ക്കറിയാം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എല്‍ഡിഎഫിനെതിരെ ഒന്നുകുത്തിക്കളയാം എന്ന് വിചാരിച്ചാല്‍ നടക്കില്ല.

ആരോഗ്യ, വിദ്യാഭ്യാസ, പാര്‍പ്പിട മേഖലയിലെ മുന്നേറ്റവും ക്ഷേമ പെന്‍ഷനും പ്രളയത്തിലേതടക്കം ആശ്വാസ നടപടികളും എല്ലാ വിഭാഗങ്ങളിലുംപെട്ട അര്‍ഹരായവര്‍ക്കാണ് ലക്ഷ്യമാക്കിയത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്തും എല്‍ഡിഎഫ് മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.