പൊലീസുകാര്‍ ആര്‍.എസ്.എസിന്റെ ഒറ്റുകാരാണെന്ന് പറഞ്ഞിട്ടില്ല; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി

പൊലീസുകാര്‍ ആര്‍.എസ്.എസിന്റെ ഒറ്റുകാരാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം നടന്ന പൊലീസ് യോഗത്തില്‍ പൊലീസുകാര്‍ ആര്‍.എസ്.എസിന്റെ ഒറ്റുകാരാണെന്ന് അഭിപ്രായപ്പെട്ടുവെന്ന തരത്തിലാണ് ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നത്. ഇത് ശുദ്ധകളവാണ്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ശരിയാകണമെന്നില്ല. മാധ്യമ വാര്‍ത്തകളുടെ പിന്നാലെ പോയാല്‍ വിഷമത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയില്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗത്തിലാണ് ഇക്കാര്യം സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ക്രമസമാധാനം വിലയിരുത്താന്‍ വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രി പൊലീസുകാരെ വിമര്‍ശിച്ചത്. ശബരിമലയിലെ വിവരങ്ങള്‍ പൊലീസ് ആര്‍.എസ്.എസിന് ചോര്‍ത്തി നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ പത്തനംതിട്ട ജില്ല കടക്കുന്നതിന് മുമ്പ് തന്നെ വിവരം ആര്‍.എസ്.എസ് നേതാക്കള്‍ അറിഞ്ഞുവോയെന്നും യോഗത്തില്‍ മുഖ്യമന്ത്രി ചോദിച്ചു. ഇങ്ങനെയുള്ളവര്‍ എങ്ങനെ ക്രമസമാധാനം നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ കരിതേച്ചുകാണിക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പൊലീസ് സേനക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം പിണറായി വിജയന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തത്.