കാര്‍ട്ടൂണ്‍ വിവാദം: ഏതെങ്കിലും മതവിഭാഗത്തെ അവഹേളിക്കുന്ന നടപടിയെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്ന് മുഖ്യമന്ത്രി

ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ഏതെങ്കിലും ഒരു മതവിഭാഗത്തെ അവഹേളിക്കുന്നതിനെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്നും അത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം ആരും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്ന തരത്തിലായാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല.

മുഖ്യമന്ത്രിയെ കളിയാക്കിയ ചിത്രത്തിനു പോലും സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മറിച്ചൊരു വിധി സുപ്രീംകോടതി പുറപ്പെടുവിച്ചാല്‍ അതും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മറ്റൊരു ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം മൂലമാണോ എറണാകുളത്ത് എസ്‌ഐയെ കാണാതായതെന്ന് നേരിട്ട് ചോദിച്ചറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.