ബിനോയ് കോടിയേരി വിവാദത്തിൽ മൗനം വെടിയാതെ മുഖ്യമന്ത്രി

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയും വിഷയത്തോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, വിഷയം ചർച്ച ചെയ്യേണ്ടത് തന്നെയാണെന്നും എന്നാൽ മക്കൾ ചെയ്യുന്ന തെറ്റിന് ഒരു നേതാവിനെ ക്രൂശിക്കുന്നതെന്തിന് എന്നായിരുന്നു സാംസ്കാരികവകുപ്പ് മന്ത്രി എ. കെ ബാലന്‍റെ പ്രതികരണം.

“”ഏതെങ്കിലുമൊരു വ്യക്തിയുമായോ ഒരു പാർട്ടിയുമായോ ഇതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അതുകൊണ്ട് കുട്ടികളെന്തെങ്കിലും ചെയ്യുന്നതിന്‍റെ ഭാഗമായിട്ട് ഒരു നേതാവിനെയോ പ്രസ്ഥാനത്തെയോ ക്രൂശിക്കുന്നതോ, കോർണർ ചെയ്യുക എന്നതോ ഗുണമുള്ള കാര്യമല്ല””, എ കെ ബാലൻ പറഞ്ഞു.

സമാനമായ പ്രതികരണമായിരുന്നു മന്ത്രി ജെ. മേഴ്‍സിക്കുട്ടിയമ്മയുടേതും. “”പാർട്ടിയിൽ ആരും ഇതിൽ ഇടപെടാൻ പോകുന്നില്ല. ആരാണോ തെറ്റ് ചെയ്തത് അവർ അനുഭവിക്കും എന്നതല്ലാതെ പാർട്ടിക്ക് ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവുമില്ല””, മേഴ്‍സിക്കുട്ടിയമ്മ പറഞ്ഞു.

അതേസമയം, കേസിന് പാർട്ടിയുമായുള്ള ബന്ധമില്ലെന്ന സിപിഎം നേതാക്കളുടെ നിലപാട് തള്ളി കേസ് രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസ്. “”ഇവിടെ നവോത്ഥാനത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും പറയുന്ന ആളുകൾ, ആ പാർട്ടിക്ക് ധാർമികമായ ഉത്തരവാദിത്തമുണ്ടെങ്കിൽ, ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതാണ്””, എന്ന് മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിലെന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്ന് ചെന്നിത്തല. “”കാര്യങ്ങളത്ര സുഗമമല്ല, അത് കണ്ടാലറിയാമല്ലോ””, എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.