കട കാലിയാക്കൽ അല്ല കേരളത്തെ തന്നെ കാലിയാക്കുന്ന നടപടിയിലാണ് പിണറായി: രമേശ് ചെന്നിത്തല

അഞ്ചു വർഷത്തെ ഭരണത്തിനിടയിൽ നിയമസഭയ്ക്ക് അകത്തോ പുറത്തോ അമിത് ഷായ്ക്കെതിരെയോ നരേന്ദ്ര മോദിക്കെതിരേയോ ഒരുതവണ പോലും സംസാരിക്കാൻ ധൈര്യം കാണിക്കാത്ത സിപിഎമ്മുകാരനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയിലേക്ക് കട കാലിയാക്കൽ വിൽപ്പന നടത്തുന്ന കോൺഗ്രസ് നേതാവാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം എനിക്കെതിരെ നടത്തിയ പരാമർശം. കട കാലിയാക്കൽ അല്ല കേരളത്തെ തന്നെ കാലിയാക്കുന്ന നടപടിയിൽ ഏർപ്പെട്ടിരിക്കുന്ന ആളാണ് മുഖ്യമന്ത്രി എന്നും ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

അഞ്ചു വർഷത്തെ ഭരണത്തിനിടയിൽ നിയമസഭയ്ക്ക് അകത്തോ പുറത്തോ അമിത് ഷായ്ക്കെതിരെയോ നരേന്ദ്ര മോദിക്കെതിരേയോ ഒരുതവണ പോലും സംസാരിക്കാൻ ധൈര്യം കാണിക്കാത്ത സിപിഎമ്മുകാരനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുമായുള്ള ഈ ഒത്തുകളി വെളിച്ചത്തായതിന്റെ ജാള്യത മറയ്ക്കാനാണ് അദ്ദേഹം ഇപ്പോൾ വെപ്രാളം കാട്ടുന്നത്. ലാവ്ലിൻ കേസിലും മറ്റും ബിജെപി തിരികെ പിണറായിയെ സഹായിക്കുകയും ചെയ്യുന്നു.

ബിജെപിയിലേക്ക് കട കാലിയാക്കൽ വിൽപ്പന നടത്തുന്ന കോൺഗ്രസ് നേതാവാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം എനിക്കെതിരെ നടത്തിയ പരാമർശം. കട കാലിയാക്കൽ അല്ല കേരളത്തെ തന്നെ കാലിയാക്കുന്ന നടപടിയിൽ ഏർപ്പെട്ടിരിക്കുന്ന ആളാണ് മുഖ്യമന്ത്രി. 5000 കോടി രൂപയുടെ കരാർ എഴുതി കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കൻ കുത്തകയ്ക്ക് കൈമാറാൻ പദ്ധതിയിട്ടയാളാണ് പിണറായി വിജയൻ. കോവിഡ് കാലത്ത് മലയാളികളുടെ ആരോഗ്യ വിവരങ്ങൾ മറ്റൊരു അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിനു നൽകി കാശുണ്ടാക്കാൻ ശ്രമിച്ചതും ഈ സർക്കാരാണ്.
അവസരം കിട്ടിയാൽ എന്തും കുറഞ്ഞ വിലയ്ക്ക് വിറ്റു കളയുന്ന ഒരാളാണ് കേരളത്തിലെ മുഖ്യമന്ത്രി. അങ്ങനെ കട കാലിയാക്കൽ വില്പനയിൽ സ്വയം മികവ് തെളിയിച്ച ഒരു ഭരണാധികാരിയാണ് പിണറായി വിജയൻ.

ഒരേ സമയം ബിജെപിയെ വളർത്തുകയും ബിജെപിയ്ക്ക് നേട്ടങ്ങളില്ലാത്ത സ്ഥലങ്ങളിൽ വർഗീയത വിതറി അവർക്ക് അടിത്തറയൊരുക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം. പുതുച്ചേരിയിലെ കാര്യം ചൂണ്ടിക്കാണിച്ച് കോൺഗ്രസ്സുകാർ ബിജെപിയിലേക്ക് പോകുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ബംഗാളിൽ സ്വന്തം പാർട്ടിക്ക് സംഭവിക്കുന്നത് എന്താണ് എന്ന് അദ്ദേഹം പറയുന്നില്ല. ബംഗാളിലെ സി പി എം ഓഫീസുകൾ ബിജെപി ഓഫീസുകളായി മാറുന്ന വാർത്തകൾ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നു.സിപിഎമ്മിൽ നിന്ന് എംഎൽഎമാർ കൂട്ടത്തോടെ ബി ജെ പിയിലേക്ക് ചേക്കേറുന്ന വാർത്തകളും പുറത്തു വരുന്നു. അമിത് ഷായുടെ ജാഥയിൽ വച്ചാണ് ഹരിദാസ് തപസ്വിയും അനുയായികളും ആഘോഷപൂർവം ബിജെപിയിലേക്ക് ചേർന്നത്. സ്വദേശ് നായിക്ക്‌ എന്ന മറ്റൊരു എംഎൽഎ ആയിരം പ്രവർത്തകരോടൊപ്പമാണ് ബിജെപിയിൽ ചേർന്നത്. മുൻ സിപിഎം എംഎൽഎ നികുഞ്ച പൈക്ക 3000 പ്രവർത്തകരോടൊപ്പമാണ് ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വമെടുത്തത്. ജ്യോതിർമയി സിക്തർ എന്ന സിപിഎം എംപി ജൂൺ മാസത്തിൽ ബി ജെ പിയിൽ പോയി. 40 വർഷം സിപിഎം നേതാവായിരുന്ന ഖാഗൻ മുർമു എന്ന നേതാവ് ഇപ്പോൾ നോർത്ത് മാൾടയിലെ ബിജെപി എംപി ആണ്, ഹാൽദിയ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ തപസി മണ്ഡലും ബിജെപിയിൽ ചേർന്നു.

തൃപുരയിലും സ്ഥിതി വ്യത്യസ്തമല്ല, സിപിഎം മുൻ എംഎൽഎ ബിശ്വജിത്ത് ദത്ത, മുൻ അസംബ്ലി സ്പീക്കർ ജിതേന്ദ്ര സർക്കാർ ഇവരെല്ലാം ബിജെപിയിലേക്ക് ചുവടുമാറ്റം നടത്തിയത് പിണറായി വിജയൻ തിരക്കിനിടയിൽ മറന്നു പോയതായിരിക്കാം.

ബിജെപിയിലേക്ക് കട കാലിയാക്കൽ വിൽപന നടത്തുന്നത് ആരാണ് എന്ന് ജനങ്ങൾക്കറിയാം. ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ജോലിയാണ് തങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ സിപിഎം ഏറ്റെടുത്തിരിക്കുന്നത്. കോവളം ഏരിയ കമ്മിറ്റിയുടെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഒന്നാകെ
ബി ജെ പിയിലേക്ക് ചേക്കേറി. തോട്ടം വള്ളിക്കുന്ന് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപി കാര്യാലയമായി മാറി.

ഇന്ത്യയിൽ രണ്ട് സീറ്റിലേക്ക് ഒതുങ്ങിയിരുന്ന ബിജെപിയെ അധികാരത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സിപിഎം നൽകിയ സംഭാവന ആർക്കും മറക്കാനാവില്ല. 1989 ൽ രാജീവ് ഗാന്ധിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ സിപിഎമ്മും ഇടതുപക്ഷ കക്ഷികളും ജനതാദളും ബിജെപിയുമായി ചേർന്ന അഖിലേന്ത്യാ തലത്തിൽ നടത്തിയ ഗൂഢാലോചനയാണ് ഇന്ത്യയിലെ ബിജെപിയെ ശക്തി പ്രാപിക്കാൻ സഹായിച്ചത്. ഡൽഹിയിലെ അന്നത്തെ അത്താഴവിരുന്നുകളിലും അന്തിച്ചർച്ചകളിലും വാജ്പേയിയോടും അദ്വാനിയോടും ഒപ്പം തോളോട് തോൾ ചേർന്ന് കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചത് സിപിഎമ്മിന്റെ ദേശീയ നേതാക്കന്മാർ ആയിരുന്നു. ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കും എന്നായിരുന്നു ഇഎംഎസ് പറഞ്ഞത്. അതിനായി അവർ കൂട്ടുപിടിച്ച ചെകുത്താൻ ഇന്ത്യയുടെ മതേതരത്വത്തെ തകർക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.1984 ൽ രണ്ടു സീറ്റിൽ ഒതുങ്ങിയിരുന്ന ബിജെപിയെ 1989ൽ 88 സീറ്റിലേക്ക് വളർത്തിയത് സിപിഎമ്മാണ്. സിപിഎമ്മും ഇടതുകക്ഷികളും ബിജെപിയുമായി ചേർന്നുണ്ടാക്കിയ ദേശീയ മുന്നണിയാണ് ബിജെപിയുടെ വളർച്ചയ്ക്ക് ഇന്ത്യയിൽ കളമൊരുക്കിയത്.

1977 ൽ ഇന്ദിരാഗാന്ധിയെ പുറത്താക്കാൻ ജനസംഘം ലയിച്ചുചേർന്ന ജനതാ പാർട്ടിയുമായിട്ടായിരുന്നു സിപിഎമ്മിന് ബാന്ധവം. 1977 ൽ തെരഞ്ഞെടുപ്പിൽ പിണറായി വിജയന് വേണ്ടി കെ ജി മാരാർ വോട്ടു പിടിച്ചു. ആർഎസ്എസിന്റെ യും ബിജെപിയുടെയും വോട്ട് വാങ്ങിച്ചു ജയിച്ച പിണറായി വിജയന്റെ ഇപ്പോളത്തെ വായ്ത്താരികൾ ഒരു തമാശയായി കണ്ടാൽ മതി.ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ ബിജെപിയുമായി സിപിഎം ഉണ്ടാക്കുന്ന അവിശുദ്ധ സഖ്യം. കോൺഗ്രസിനെയും,യുഡിഎഫിനെയും തറപറ്റിക്കാനാണ് ബിജെപിയെ കൂട്ടുപിടിക്കുന്നത്. മുസ്‌ലിം ലീഗിനെ സിപിഎം നേതാക്കൾ വർഗീയത കലർത്തി ആക്രമിക്കുന്നതും ഇതിന്റെ പേരിലാണ്. 17.5 കോടി രൂപയുടെ ഭൂമിയാണ് സിപിഎം- ആർഎസ്എസ് അവിശുദ്ധബന്ധത്തിന്റെ ഇടനിലക്കാരനായ ശ്രീ എമ്മിന് തിരുവനന്തപുരത്ത് സൗജന്യമായി നൽകിയിരിക്കുന്നത്. ഇത് ആർ എസ് എസ് പ്രീണനത്തിന്റെ ഭാഗമാണ്.

എന്നിട്ടും കോൺഗ്രസിനു മേൽ പഴിചാരാൻ ശ്രമിക്കുന്ന തൊലിക്കട്ടിക്കും സിപിഎമ്മിന്റെ വർഗീയ പ്രചാരണത്തിനും ജനം മറുപടി നല്കും.