കെ റെയില്‍ ഭൂമിയേറ്റെടുക്കലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; കേന്ദ്ര അനുമതിയില്ലാതെയാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്ന് ആരോപണം

കെ റെയില്‍ ഭൂമി ഏറ്റെടുക്കല്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍വേ നടപടികള്‍ക്കായും കെ റെയില്‍ ഓഫിസുകള്‍ തുറക്കുന്നതിനും പുറപ്പെടുവിച്ച വിജ്ഞാപനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോട്ടയം ഏറ്റുമാനൂര്‍ സ്വദേശികളായ നാലു പേരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും.

കേന്ദ്ര അനുമതിയില്ലാതെ റെയില്‍വേയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണ് എന്ന് ഹര്‍ജിയില്‍ പറയുന്നു.

കേന്ദ്ര അനുമതിയില്ലാതെയാണ് കേരളത്തില്‍ 11 ജില്ലകളില്‍ ഓഫിസ് തുറക്കുന്നതിനും ഭൂമി സര്‍വേ നടപടികള്‍ക്കുമായി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ നിയമസാധുത ഇല്ലെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഈ വിജ്ഞാപനങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read more

നേരത്തെ കെ റെയില്‍ റൂട്ട് സംബന്ധിച്ച പരാതി ഹൈക്കോടതി തള്ളിയിരുന്നു. മുഖ്യമന്ത്രി നേരിട്ട് കെ റെയില്‍ സംബന്ധിച്ച് ജനങ്ങളുമായി ബന്ധപ്പെടുന്നതിനിടെയാണ് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്.