തൃശൂര്‍പൂരം വെടിക്കെട്ടിന് അനുമതി; നിബന്ധനകളിങ്ങനെ

തൃശൂര്‍പൂരത്തോട് അനുബന്ധിച്ച് വെടിക്കെട്ട് നടത്താന്‍ അനുമതി. കേന്ദ്ര ഏജന്‍സിയായ പെസോയാണ് അനുമതി നല്‍കിയിരിക്കുന്നത്. കുഴിമിന്നല്‍, അമിട്ട്, മാലപ്പടക്കം എന്നിവ ഉപയോഗിക്കാം. എന്നാല്‍ ഇതൊഴികെയുള്ള മറ്റു വസ്തുക്കളൊന്നും ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.

മെയ് പത്തിനാണ് തൃശൂര്‍പൂരം. 11ന് പുലര്‍ച്ചെയാണ് പ്രധാന വെടിക്കെട്ട്. ഇതിന് മുന്നോടിയായി മെയ് എട്ടിന് സാമ്പിള്‍ വെടിക്കെട്ട് നടക്കും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ചടങ്ങുകളോടെ പൂരം നടത്തുന്നത് അനുവദിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ചടങ്ങുകള്‍ നടത്താന്‍ എന്നാണ് നിര്‍ദ്ദേശം.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരെയും പൂരത്തിന് പങ്കെടുപ്പിച്ചിരുന്നില്ല. ഇത്തവണ ആളുകള്‍ക്കും പ്രവേശനമുണ്ടാകും.