ജനങ്ങള്‍ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണം; പ്രതിസന്ധി നാളെയോടെ തീരുമെന്ന് കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെയോടെ പരിഹാരമുണ്ടാകുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇതിനായി ആന്ധ്രയില്‍ നിന്ന് കൂടുതല്‍ വൈദ്യുതിയെത്തിക്കുമെന്നും ജനങ്ങള്‍ വൈദ്യുതി ഉപഭോഗ് കുറച്ച് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജലവൈദ്യുത പദ്ധതികളാണ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം. അതിരപ്പിള്ളി ഒഴികെയുള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കും. ജലവൈദ്യുത പദ്ധതികളെ അനാവശ്യമായി എതിര്‍ക്കരുത്. കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ ഇരുവിഭാഗത്തിനും ദോഷമാകാത്ത തരത്തില്‍ പരിഹരിക്കും. അടുത്ത മാസം അഞ്ചിന് ചേരുന്ന യോഗത്തോടെ പ്രശ്‌നം തീരുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

കല്‍ക്കരിക്ഷാമം മൂലം താപനിലയങ്ങളില്‍ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. പക്ഷേ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം കുറവാണ്. പീക്ക് അവറില്‍ 200 മെഗാ വാട്ടിന്റെ കുറവാണ് നേരിടുന്നത്. നല്ലളത്ത് വൈദ്യുതി ഉത്പാദനം ഉടന്‍ ആരംഭിക്കും. ഇതിന് പുറമെ കായംകുളം താപനിലയവും പ്രവര്‍ത്തനക്ഷമമാക്കി പ്രതിസന്ധി തീര്‍ക്കാനാണ് സര്‍ക്കാരും കെഎസ്ഇബിയും ശ്രമിക്കുന്നത്.