മരിച്ചവരുടെ കണക്കെടുക്കാതെ വീണ്ടും പെൻഷൻ വിതരണം

ധന വകുപ്പിന്റെ ഉത്തരവു തദ്ദേശ സ്ഥാപനങ്ങള്‍ ലംഘിച്ചതോടെ പരേതരായ നൂറുകണക്കിനു പേര്‍ക്ക് ഇപ്പോഴും ക്ഷേമപെന്‍ഷന്‍ നല്‍കുന്നു. നിയമ ലംഘനം പുറത്തു വന്നിട്ടും ഗുണഭോക്താക്കള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് ഉറപ്പാക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാതെ, സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള ക്ഷേമപെന്‍ഷന്‍ ഈ മാസം വിതരണം ചെയ്യാന്‍ നടപടി ആരംഭിച്ചു. പാലക്കാട് ജില്ലയിലെ അയിലൂര്‍ പഞ്ചായത്തില്‍ പരേതനായ കര്‍ഷകത്തൊഴിലാളിക്ക് ഒന്നര വര്‍ഷത്തിലേറെ പെന്‍ഷന്‍ വിതരണം ചെയ്ത സംഭവം പുറത്തുവരികയും സഹകരണ സംഘത്തിന്റെ ഏജന്റിനെതിരെ കേസെടുക്കുകയും ചെയ്തതോടെയാണു ക്രമക്കേടുകള്‍ പുറത്തായത്.

സംസ്ഥാനത്തെ 42 ലക്ഷത്തില്‍പരം പേര്‍ക്ക് ഏഴു തരം സാമൂഹികക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതു തദ്ദേശസ്ഥാപനങ്ങള്‍ പരിശോധിച്ച ശേഷമാണ്. മരിക്കുന്ന ഗുണഭോക്താവിനെ ഡേറ്റാ ബേസില്‍ നിന്നു നീക്കാന്‍ പഞ്ചായത്ത്/മുനിസിപ്പല്‍ സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും വീഴ്ച വരുത്തുന്നതു ഗൗരവപൂര്‍വം വീക്ഷിക്കുമെന്നും ധനവകുപ്പ് നവംബര്‍ 29ലെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് അയിലൂര്‍ കയറാടി തെങ്ങുംപാടു സേതുവിനു മരണാനന്തരവും പെന്‍ഷന്‍ ലഭിക്കുന്ന വിവരം പുറത്തു വന്നത്.

2015 നവംബര്‍ നാലിനു മരിച്ച സേതുവിനു 2016 ജൂണ്‍ വരെ തപാല്‍ ഓഫിസ് വഴിയും തുടര്‍ന്നു 2017 ഓഗസ്റ്റ് വരെ നേരിട്ടും 20,900 രൂപ വിതരണം ചെയ്തതായാണു രേഖ. പെന്‍ഷന്‍ തുക വീട്ടിലെത്തിയില്ലെന്ന പരേതന്റെ മകന്റെ പരാതിയെ തുടര്‍ന്നു സഹകരണ സംഘത്തിന്റെ ഏജന്റിനെതിരെ നെന്മാറ പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഏജന്റില്‍ നിന്നു സഹകരണ വകുപ്പ് ഇടപെട്ടു പണം തിരിച്ചു പിടിച്ചു. ഇതേ പഞ്ചായത്തിലെ മറ്റു രണ്ടു പരേതര്‍ക്കു പെന്‍ഷന്‍ വിതരണം ചെയ്ത വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

നിലവില്‍ പരേതരെ സംബന്ധിച്ച വിവരങ്ങള്‍ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഡിബിടി സെല്ലില്‍ അറിയിക്കുന്നില്ല. അല്ലെങ്കില്‍ പരേതരുടെ ബന്ധുക്കള്‍ അറിയിക്കണം. ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ടു പെന്‍ഷന്‍ വിതരണം ചെയ്യുമ്പോള്‍ ഇക്കാര്യം അറിയിക്കേണ്ടത് ഏജന്റുമാരാണ്. അവര്‍ വീഴ്ച വരുത്തിയാല്‍ പരിശോധിക്കാന്‍ നടപടികളില്ല.

പെന്‍ഷന്‍കാര്‍ 42.40 ലക്ഷം

Read more

സംസ്ഥാനത്ത് 14,68,648 പുരുഷന്മാരും 27,72,221 സ്ത്രീകളും അടക്കം 42,40,869 ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളാണുള്ളത് (ഈ മാസം ഒന്‍പതിലെ കണക്ക്). കര്‍ഷകത്തൊഴിലാളി, വയോധികര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, 50 വയസ്സു കഴിഞ്ഞ അവിവാഹിതര്‍, വിധവകള്‍ എന്നിവര്‍ക്കാണു പെന്‍ഷന്‍. 1100 രൂപയാണു പ്രതിമാസ പെന്‍ഷന്‍. 75 വയസ്സു കഴിഞ്ഞവര്‍ക്ക് 1500 രൂപ ലഭിക്കും. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കു സാമൂഹിക സുരക്ഷാ പെന്‍ഷനും വാങ്ങാം. എന്നാല്‍, 2017 ഫെബ്രുവരി ആറിനു മുന്‍പുള്ളവര്‍ക്കായി ഇതു പരിമിതപ്പെടുത്തിയിട്ടുണ്ട്.