പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണം; പൊലീസ് ഇന്ന് അപ്പീല്‍ നല്‍കിയേക്കും

വിദ്വേഷ പ്രസംഗം സംബന്ധിച്ച കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് ജാമ്യം നല്‍കിയതിന് എതിരെ പൊലീസ് ഇന്ന് അപ്പീല്‍ നല്‍കിയേക്കും. പി സി ജോര്‍ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കാനാണ് പൊലീസിന്‍രെ തീരുമാനം.

വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കോടതി ഉപാധി പി സി ജോര്‍ജ് ലംഘിച്ചു. ജാമ്യം കിട്ടിയ ഉടന്‍ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചു. പ്രോസിക്യൂഷന് പറയാനുള്ളത് കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചത് എന്നും അപേക്ഷയില്‍ സൂചിപ്പിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് അപേക്ഷ നല്‍കുന്നത്.

Read more

അതേസമയം ജാമ്യം നല്‍കിയ ഉത്തരവില്‍ പൊലീസിനെ കോടതി വിമര്‍ശിച്ചിരുന്നു. എന്തിനാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒരു പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ കൃത്യമായ കാരണം ഉണ്ടാകണം. മുന്‍ ജനപ്രതിനിധിയായതിനാല്‍ ഒളിവില്‍ പോകുമെന്ന് വിശ്വസിക്കുന്നില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യവുമില്ലെന്നും കോടതി പറഞ്ഞിരുന്നു. പി സി ജോര്‍ജിന്റെ പ്രായവും പ്രമേഹ രോഗിയാണെന്നതും ജാമ്യത്തിനായി പരിഗണിക്കുന്നുവെന്നും കോടതി അറിയിച്ചിരുന്നു.