കോൺഗ്രസ് ആവശ്യപ്പെട്ടാൽ യു.ഡി.എഫ് പ്രവേശനം ചർച്ച ചെയ്യുമെന്ന് പി.സി ജോർജ്

കോൺഗ്രസ് ആവശ്യപ്പെട്ടാൽ യു.ഡി.എഫ് പ്രവേശനമടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്തുമെന്ന് ജനപക്ഷം പാർട്ടി നേതാവും എം.എൽ.എയുമായ പി സി ജോർജ്. ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിരുന്നു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർക്ക് തങ്ങളുടെ യു.ഡി.എഫ് പ്രവേശനത്തിൽ എതിർപ്പില്ല. 15 നിയോജക മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താൻ ജനപക്ഷത്തിന് സാധിക്കുമെന്ന് പി.സി ജോർജ് കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പി സി ജോർജിന്റെ ജനപക്ഷം പാർട്ടിയുടെ യു.ഡി.എഫ് പ്രവേശനം ചർച്ചയായിരിക്കുകയാണ്. യുഡിഫിലെ ഒരു വിഭാഗത്തിന് പി സി ജോർജിനെ ഉൾകൊള്ളിക്കുന്നതിൽ എതിർപ്പില്ലെങ്കിലും മറുഭാഗം ഇപ്പോഴും അനുകൂല നിലപാട് എടുത്തിട്ടില്ല.

പി സി ജോർജിന്റെ മുന്നണി പ്രവേശനം ശക്തമായി എതിർത്ത് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. 2016 ൽ ലഭിച്ചേക്കുമായിരുന്ന യുഡിഎഫിന്റെ തുടർഭരണം ഇല്ലാതാക്കിയത് പി സി ജോർജിന്‍റെ അനാവശ്യ ആരോപണങ്ങളായിരുന്നു എന്നാണ് ഈരാറ്റുപേട്ട മണ്ഡലം യുഡിഎഫ് കമ്മിറ്റിയടക്കം ഉന്നയിക്കുന്നത്.