പത്തനംതിട്ടയില്‍ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പി സി ജോര്‍ജ്

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നു ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് എംഎല്‍എ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം ശബരിമല വിഷയം മുന്‍നിര്‍ത്തിയായിരിക്കും. ആര് വോട്ട് തന്നാലും സ്വീകരിക്കും.

അയ്യപ്പന്റെ സ്ഥലമാണ് പത്തനംതിട്ട. അതു കൊണ്ട് മണ്ഡലത്തില്‍ അയ്യപ്പ വിശ്വാസികളെ പിന്തുണയ്ക്കുന്നവരും അവര്‍ക്കൊപ്പം നില്‍ക്കുന്നവരുമായിരിക്കും ജയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും ജനപക്ഷം പാര്‍ട്ടി മത്സരിക്കുമെന്ന് പി.സി ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കുകയാണെങ്കില്‍് പിന്തുണ നല്‍കുമെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താത്പര്യമറിയിച്ചിരുന്നുവെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കണം എന്ന ആവശ്യം ജനപക്ഷം എക്സിക്യൂട്ടീവില്‍ ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഒമ്പതംഗ സമിതിയേയും എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.