നേപ്പാളില്‍ മരിച്ച പ്രവീണിന്റേയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടില്‍ സംസ്‌കരിച്ചു. രാവിലെ എട്ട് മണിയോടെയാണ് തിരുവനന്തപുരം മെഡി.കോളജില്‍ നിന്ന് അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ ചെങ്ങോട്ടുകോണം കാരുണ്യം ലെയ്‌നിലുള്ള വീട്ടിലേക്ക് കൊണ്ടു വന്നത്.

ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചാണ് ഇവര്‍ മരിച്ചത്.

മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ രാത്രി 12.01ന് നേപ്പാളിലെ ദമാനില്‍നിന്ന് പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.

മൂന്ന് എയര്‍പോര്‍ട്ട് കാര്‍ഗോ വാഹനങ്ങളില്‍ ബന്ധിപ്പിച്ച 5 ബോഗികളിലായാണ് 5 മൃതദേഹങ്ങള്‍ പുറത്തേക്കെത്തിച്ചത്. പ്രവീണിന്റെ സഹോദരീഭര്‍ത്താവ് രാജേഷ് ഉള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു. പ്രവീണിന്റെ അച്ഛനും അമ്മയും എത്തിയില്ല.

സുഹൃത്തുക്കളായ റാംകുമാര്‍, ആനന്ദ്, ബാലഗോപാല്‍ എന്നിവരാണ് വിമാനത്തില്‍ ഒപ്പമെത്തിയത്. മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ 11ന് കഠ്മണ്ഡുവില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഉച്ചയോടെ ഡല്‍ഹിയിലെത്തിച്ചത്.

അവിടെനിന്ന് വൈകിട്ടുള്ള മറ്റൊരു വിമാനത്തിലായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. വിമാനം ഒന്നേമുക്കാല്‍ മണിക്കൂര്‍ വൈകിയതിനാല്‍ കാത്തിരിപ്പ് നീണ്ടു. കൊച്ചിയില്‍ സ്റ്റോപ്പുള്ളതിനാല്‍ വീണ്ടും വൈകി.

പൂര്‍ണമായും സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചത്. ഇതിനായി പ്രത്യേക ആംബുലന്‍സുകളും മറ്റും സര്‍ക്കാര്‍ സജ്ജമാക്കി.