പാറ്റൂര്‍ കേസ്: ജേക്കബ്ബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; 'ഊഹാപോഹങ്ങളാണ് വസ്തുതകളായി അവതരിപ്പിക്കുന്നത്'

പാറ്റൂര്‍ കേസില്‍ മുന്‍ വിജിലന്‍സ് ഡയരക്ടറായിരുന്ന ജേക്കബ്ബ് തോമസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഊഹാപോഹങ്ങളാണ് ജേക്കബ്ബ് തോമസ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ജനുവരി എട്ടാം തിയ്യതി കേസ് പരിഗണിച്ചപ്പോഴും ഹൈക്കോടതി ജേക്കബ്ബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാറ്റൂര്‍ ഭൂമിഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കത്തതിനായിരുന്നു വിമര്‍ശം. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും അതിന് തയ്യാറായില്ലെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ ജേക്കബ് തോമസിനെതിരെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പാറ്റൂര്‍ കേസില്‍ നേരത്തെ അന്വേഷണം നടത്തിയ ജേക്കബ് തോമസ് ഇവിടുത്ത ഭൂപതിവ് രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ ഈ കേസ് വന്ന സമയത്ത് ഭൂപതിവ് രേഖകള്‍ വിളിച്ചുവരുത്തി പരിശോധിച്ചെങ്കിലും അതില്‍ കൃത്രിമത്വം നടന്നതായി കണ്ടെത്താന്‍ കോടതിക്ക് സാധിച്ചിരുന്നില്ല.

ഇതേതുടര്‍ന്നാണ് ജേക്കബ് തോമസിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം അവസാനം ജേക്കബ് തോമസ് കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയത് അസല്‍ രേഖയാണെന്നും ഇതോടൊപ്പമുള്ള മറ്റ് രേഖകളിലാണ് കൃത്രിമത്വം നടന്നതെന്ന് സംശയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

സ്റ്റേറ്റ് പ്രോസിക്യൂട്ടറുമായി ആലോചിച്ച് സത്യവാങ്മൂലം നല്‍കാനായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇത്തരത്തില്‍ യാതൊരു സത്യവാങ്മൂലവും കോടതിയുടെ മുന്നിലെത്തിയില്ല. ഇതിന്റെ കാരണം തിരക്കിയ കോടതിയോട് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍, ജേക്കബ് തോമസ് തങ്ങളോട് ആശയവിനിമയം നടത്തുകയോ സത്യവാങ്മൂലം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശമുണ്ടായത്. കോടതി ഉത്തരവ് അനുസരിക്കാന്‍ ജേക്കബ് തോമസ് തയ്യാറായില്ലെന്നും ഇത് ശരിയായ നടപടിയല്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.