കൊടുത്തത് മുട്ടക്കോഴി വളര്‍ന്നപ്പോള്‍ പൂവന്‍കോഴി!

നഗരസഭയും കെപ്‌കോയും ചേര്‍ന്ന് വിതരണം ചെയത മുട്ടക്കോഴികള്‍ വളര്‍ന്നപ്പോള്‍ പൂവന്‍കോഴിയായി. പത്തനം തിട്ടയിലാണ് സംഭവം. അഞ്ച് മുട്ടക്കോഴികളും കൂടും നല്‍കുമെന്നറിഞ്ഞ് 850 രൂപ വീതം നല്‍കിയ കുടുംബങ്ങാളാണ് തട്ടിപ്പിനിരയായത്.

നിര്‍ധന കുടുംബങ്ങള്‍ക്ക് വരുമാനമെന്ന രീതിയിലാണ് മുട്ടക്കോഴികളെ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി 850 രൂപ വീതം അടച്ച് അപേക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക് അഞ്ച് മുട്ടക്കോഴികളും കൂടും നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വീട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് കിട്ടിയത് പൂവന്‍കോഴിയാണെന്ന് തിരിച്ചറിഞ്ഞത്.

കിട്ടിയ കൂടുകളില്‍ നിന്ന് മറ്റു ജീവികള്‍ക്ക് കോഴികളെ പിടിക്കാന്‍ എളുപ്പമായതുകൊണ്ട് കൂടുകളും ഉപയോഗശൂന്യമാണെന്നും പരാതികളുണ്ട്. അതുകൊണ്ട് കൂടുകള്‍ പലരും ഉപേക്ഷിച്ചു. 1000 രൂപ മുടക്കിയാലാണ് പുതിയ കൂടുകള്‍ വാങ്ങാന്‍ കഴിയുന്നത്. 850 രൂപ നല്‍കി ഇളിഭ്യരായതിന് പുറമെയാണ് നിലവില്‍ കൂടിന് വീണ്ടും 1000 രൂപ മുടക്കേണ്ടി വരുന്നത്.

മുന്‍പ് കെപ്‌കോ സൗജന്യമായാണ് കോഴികളെ വിതരണം ചെയ്തിരുന്നത്. ആദ്യഘട്ട വിതരണത്തില്‍ തന്നെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടാംഘട്ടം ഇതുവരെ തുടങ്ങിയില്ലെന്നും വ്യാപക പരാതിയുണ്ട്.